
കൊച്ചി: ജഡ്‌ജി നിയമനത്തിനായി ഹൈക്കോടതി കൊളീജിയം സുപ്രീം കോടതി കൊളീജിയത്തിന് ശുപാർശ ചെയ്ത അഭിഭാഷകരുടെ വിവരങ്ങളടങ്ങിയ രേഖ പുറത്തായി.
കൊളീജിയം അംഗങ്ങളായ ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി, ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവർ ഒപ്പുവച്ച ശുപാർശയാണിത്. ഇന്നലെ സോഷ്യൽ മീഡിയയിൽ പലരും ഇത് പങ്കുവച്ചിരുന്നു. ഹൈക്കോടതിയുടെ ചരിത്രത്തിൽ ആദ്യമായാണ് കൊളീജിയം ശുപാർശ പുറത്താകുന്നത്.
ഏഴ് അഭിഭാഷകരുടെ പട്ടികയാണ് സുപ്രീം കോടതിക്ക് സമർപ്പിച്ചത്. പകർപ്പ് ഗവർണർക്കും സംസ്ഥാന സർക്കാരിനും നൽകും. നാലു പേജുകളുള്ള ശുപാർശയിൽ ആറ് അഭിഭാഷകരുടെ പേരുകൾ വ്യക്തമാക്കുന്ന നാലാമത്തെ പേജാണ് പുറത്തു വന്നത്. അഭിഭാഷകരെക്കുറിച്ച് ഐ.ബിയുടെ രഹസ്യാന്വേഷണമടക്കം പൂർത്തിയാക്കിയാണ് കൊളീജിയം പേരുകൾ അന്തിമമാക്കിയത്. ശുപാർശയുടെ രഹസ്യസ്വഭാവം നഷ്ടപ്പെട്ടതിൽ അഭിഭാഷകരടക്കം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ചോർച്ചയെക്കുറിച്ച് അന്വേഷണമുണ്ടോയെന്നതിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.