കൊച്ചി: കാപ്പക്കേസിൽ നാടുകടത്തപ്പെട്ടയാളും കൂട്ടാളികളും ചേരാനെല്ലൂരിൽ വ്യാപാരിയെ മർദ്ദിച്ചു. ചേരാനെല്ലൂർ കപ്പേളയ്ക്ക് സമീപം ദിയാ ബേക്കറി ഉടമ ബഷീറാണ് (62) കഴിഞ്ഞദിവസം രാത്രി അതിക്രമത്തിന് ഇരയായത്. തൃശൂർ നാട്ടിക നന്ദാനത്ത് പറമ്പിൽ ഹരീഷിനെതിരെ (49) ചേരാനെല്ലൂർ പൊലീസ് കേസെടുത്തു. ഇയാളും സുഹൃത്തുക്കളും ഒളിവിലാണ്.
നിരവധി കേസുകളിൽ പ്രതിയായ ഹരീഷിനെ മാസങ്ങൾക്കുമുമ്പ് തൃശൂർ റൂറൽ പൊലീസാണ് കാപ്പചുമത്തി നാടുകടത്തിയത്. തുടർന്ന് ഇയാളും കുടുംബവും ചേരാനെല്ലൂർ വാലത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. സംഭവദിവസം രാത്രി പത്തോടെ ബേക്കറിയിൽ എത്തിയ ഹരീഷിന് അവിടെയുള്ളവരുമായുണ്ടായ വാക്കേറ്റത്തെ തുടർന്ന് മർദ്ദനമേറ്റു. സംഭവമറിഞ്ഞെത്തിയ മകൻ ഹരീഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതിനിടെ ഹരീഷ് കൂട്ടുകാരെ വിളിച്ചുവരുത്തുകയും കടപൂട്ടി മടങ്ങാനൊരുങ്ങുകയായിരുന്ന ബഷീറിനെ ആക്രമിക്കുകയും ചെയ്തെന്നാണ് കേസ്. ശബ്ദംകേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും കത്തിവീശി ഹരീഷ് സ്ഥലം വിട്ടു.
ഹരീഷിനെയും കൂട്ടാളികളെയും പിടികൂടണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ ചേരാനെല്ലൂരിലെ കടകമ്പോളങ്ങൾ അടച്ചിട്ട് പ്രതിഷേധിച്ചു. മാർച്ചും ധർണയും ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.