കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷൻ പരിസരത്തു നിന്ന് അമ്പത്തൊമ്പതുകാരിയെ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടു പോയി മൃഗീയമായി പീഡിപ്പിച്ച ശേഷം മർദ്ദിച്ച് അവശയാക്കി റെയിൽവേ ട്രാക്കിൽ തള്ളി. പ്രതി അസാം സ്വദേശി ഫിർദൗസ് അലിയെ (28) കൊച്ചി സിറ്റി പൊലീസ് പിടികൂടി. സ്വകാര്യ ഭാഗങ്ങൾക്കും ആന്തരിക അവയവങ്ങൾക്കും ഗുരുതര പരിക്കേറ്റ സ്ത്രീ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പൊലീസ് പറയുന്നതിങ്ങനെ: ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ റെയിൽവേ സ്റ്റേഷൻ പരിസരത്തുവച്ച് സ്ത്രീയെ പരിചയപ്പെട്ട പ്രതി 500 രൂപ നൽകാമെന്ന് വ്യാമോഹിപ്പിച്ച് ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി. സൗത്ത് റെയിൽവേ സ്‌റ്റേഷനടുത്ത് കമ്മട്ടിപ്പാടം ഭാഗത്ത് ഇരുവരും ഇറങ്ങി. തുടർന്ന് പൊന്നുരുന്നി മാർഷലിംഗ് യാർഡിൽ ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി ക്രൂരമായി ഇയാൾ പീഡിപ്പിച്ചെന്നാണ് പൊലീസിന് സ്ത്രീ നൽകിയ മൊഴി. മർദ്ദിച്ച അവശയാക്കിയ ശേഷം ട്രാക്കിനു സമീപം ചതുപ്പിൽ ഉപേക്ഷിച്ചു. രാത്രി പത്തരയോടെ അതുവഴി പോയ യുവാവാണ് ഇവരെ കണ്ട് പൊലീസിൽ അറിയിച്ചത്. പൊലീസെത്തി എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാൽ പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

സംഭവം അറിഞ്ഞയുടൻ സെൻട്രൽ അസി. പൊലീസ് കമ്മിഷണർ ജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നഗരത്തിൽ തെരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഓട്ടോറിക്ഷാ കേന്ദ്രീകരിച്ചായിരുന്നു ആദ്യം അന്വേഷണം. സി.സി. ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കലൂർ ഭാഗത്ത് നിന്ന് ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു. ലഹരിക്കേസിൽ അറസ്റ്റിലായിരുന്ന ഇയാൾ ഏതാനും മാസം മുമ്പാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. ഇന്ന് കോടതിയിൽ ഹാജരാക്കും.