padam

കൊച്ചി: ചായങ്ങളും ബ്രഷും തോൾസഞ്ചിയിലാക്കി അറുപതാം വയസിലും സർക്കാർ സ്കൂളുകൾ കയറിയിറങ്ങുകയാണ് കെ.എം. ഹസൻ. കുട്ടികളെ പഠിപ്പിക്കാനല്ല, വിദ്യാലയങ്ങളെ കളർഫുളാക്കാൻ. നാലു വർഷത്തിനിടെ എറണാകുളം ജില്ലയിൽ മാത്രം 50ലധികം സ്കൂളുകളും അത്രത്തോളം അങ്കണവാടികളും ചിത്രങ്ങൾ വരച്ച് മനോഹരമാക്കി. ഒരു രൂപപോലും പ്രതിഫലം വാങ്ങില്ല.

മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൾ എച്ച്.എസ് വിഭാഗം ചിത്രകല അദ്ധ്യാപകനായിരുന്ന ഹസൻ 2019ലാണ് വിരമിച്ചത്. പള്ളിച്ചിറങ്ങര സ്വദേശിയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഗുണപാഠമാകുന്ന ചിത്രങ്ങളാണ് അധികവും വരയ്ക്കുക. പ്രകൃതി മുതൽ കാർട്ടൂൺ കഥാപത്രങ്ങൾവരെ ഇതിലുണ്ടാകും.

വിശ്രമജീവിതം എങ്ങനെ ചെലവഴിക്കാമെന്ന ആലോചനയിലാണ് സർക്കാർ സ്കൂളുകളെ വർണാഭമാക്കുകയെന്ന ആശയമുദിച്ചത്. പേഴയ്ക്കാപ്പിള്ളി പ്രൈമറി സ്കൂളിന്റെ ഭിത്തിയിൽ ആദ്യമായി ബ്രഷുവച്ചു. സ്കൂൾ കളറായി. ഇതോടെ സമീപ സ്കൂളുകളിൽ നിന്ന് വിളികളെത്തി. ആവശ്യമുള്ള പെയിന്റും ബ്രഷും സ്കൂൾ അധികൃതർ വാങ്ങിനൽകും. അവധിദിനങ്ങളിലാണ് ചിത്രംവര. രണ്ടും മൂന്നും ദിവസമെടുക്കും ഒരു സ്കൂളിനെ കളറാക്കാൻ. ഭാര്യ ഐഷയുടെയും മക്കളായ നബീൽ അജ്മൽ, നജ്മ നസ്റിൻ, നിഹാൽ എന്നിവരുടെയും പിന്തുണയുണ്ട്.

''ചിത്രംവരയിലൂടെ കുട്ടികളെ സൻമാ‌ർഗത്തിലേക്ക് നയിക്കാമെന്നാണ് കരുതുന്നത്. ഉത്സവം, തെയ്യം, വള്ളംകളി, കാടും മൃഗങ്ങളും... ഇങ്ങനെപോകുന്നു ചിത്രങ്ങൾ. ജീവിതാവസാനം വരെ ഈ രീതി തുടരാനാണ് ആഗ്രഹം

- കെ.എം. ഹസൻ