
കൊച്ചി: കിഫ്ബി വായ്പയുടെ പേരിലടക്കം വെട്ടിക്കുറച്ച തുക കടമെടുക്കാൻ കേന്ദ്രം അനുവദിച്ചതോടെ നിർദിഷ്ട ഗിഫ്റ്റി സിറ്റിയുടെ നടപടികളും വേഗത്തിലാകുമെന്ന് പ്രതീക്ഷ. അയ്യമ്പുഴ പഞ്ചായത്തിലെ 358 ഏക്കർ സ്ഥലത്ത് തുടങ്ങാനിരിക്കുന്ന ഗിഫ്റ്റ് സിറ്റി കേരള സർക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നാണ്. ഒന്നാംഘട്ട സ്ഥലമെടുപ്പ് നടന്നെങ്കിലും തുക കൈമാറാൻ കഴിയാത്തതിനാൽ ഒരുപോലെ കാത്തിരിപ്പിലാണ് ഭൂവുടമകളും പഞ്ചായത്തും.
ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ആൻഡ് ട്രേഡ് സിറ്റിയാണ് 'ഗിഫ്റ്റ്' എന്നറിയപ്പെടുന്നത്. കേന്ദ്ര- സംസ്ഥാന സംയുക്ത സംരംഭമാണിത്. വിജ്ഞാനാഷ്ഠിത, ധനകാര്യാധിഷ്ഠിത ഹബായി 2030നകം പ്രവർത്തനസജ്ജമാക്കുകയാണ് ലക്ഷ്യം. അമേരിക്ക പോലുള്ള രാജ്യങ്ങളിലെ നികുതി, ഇൻഷ്വറൻസ് ഏജൻസികൾ, പുതുതലമുറ ബാങ്കുകൾ, ഷിപ്പിംഗ് ഏജൻസികൾ തുടങ്ങിയവ ഗിഫ്റ്റ് സിറ്റി മുഖേന കേരളത്തിലെ ടാലന്റ് പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷ. കൂടാതെ വിദേശ സർവകലാശാലയുടെ ഒഫ് ക്യാമ്പസ് സെന്ററുകളും വരും.
രാജ്യത്തെ രണ്ടാമത്തെ ഗിഫ്റ്റ് സിറ്റിയാണ് കൊച്ചിയിലേത്. ആദ്യത്തേത് ഗുജറാത്തിൽ നിർമ്മാണത്തിലാണ്. അയ്യമ്പുഴ പഞ്ചായത്തിലെ ജനവാസ മേഖലയിലാണ് ഗിഫ്റ്റ് സിറ്റി വരുന്നത്. വീടുകളും തോട്ടങ്ങളും കൽമടകളുമുള്ള സ്ഥലം. സ്ഥലമെടുപ്പ് തുടങ്ങിയതോടെ പദ്ധതി പ്രദേശത്ത് ക്രയ വിക്രയവും നിലച്ചു.
സഥലമേറ്റെടുക്കാൻ സർക്കാർ 850 കോടി രൂപ വകയിരുത്തിയെങ്കിലും പ്രതിസന്ധി കാരണം കൈമാറാനായിട്ടില്ല. സ്ഥലം വിട്ടുനൽകിയവർക്ക് തുക ഉടൻ നൽകേണ്ടതുണ്ട്. കിഫ്ബി വായ്പയുടെ പേരിൽ വെട്ടിക്കുറച്ച തുക ഖജനാവിലെത്തുമ്പോൾ സാമ്പത്തിക സ്ഥിതിയിൽ പൊതുവേ ഉണർവുണ്ടാകുമെന്നാണ് പഞ്ചായത്തിന്റെ പ്രതീക്ഷ.
സർക്കാരിന്റെ മുൻഗണനാ പട്ടികയിലുള്ള പദ്ധതിയായതിനാൽ അധികം വൈകാനിടയില്ലെന്നാണ് വ്യക്തമാകുന്നത്.
നവകേരള സദസ് അങ്കമാലി മണ്ഡലത്തിൽ നടന്നപ്പോൾ പ്രധാന ചർച്ചാവിഷയം ഗിഫ്റ്റ് സിറ്റിയായിരുന്നു. സ്ഥലമേറ്റെടുക്കൽ വേഗത്തിലാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പദ്ധതിക്ക് കേന്ദ്രസർക്കാരിന്റെ അന്തിമാനുമതി ലഭിക്കേണ്ടതുണ്ട്. അത് വൈകില്ലെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.
'കിഫ്ബി ഹഡ്കോയോട് ലോൺ ആവശ്യപ്പെട്ടിട്ടുണ്ട്. ലഭിച്ചാലുടൻ തുടർനടപടി കിൻഫ്രയെ ഏൽപിക്കും. ഇതോടൊപ്പം സ്ഥലമേറ്റെടുക്കൽ തഹസിൽദാർ വഴി ഭൂമിയുടെ
തുക കൈമാറാനുള്ള നടപടികളുമാകും.
- പി.യു. ജോമോൻ (അയ്യമ്പുഴ പഞ്ചായത്ത് പ്രസിഡന്റ്)