മുപ്പത്തടം: വിവരാവകാശനിയമം ബാധകമല്ലാത്ത സഹകരണ സ്ഥപനങ്ങളിൽ നിന്ന് നിർബന്ധമായി രേഖകൾ വാങ്ങി വിവരാവകാശ അപേക്ഷകർക്ക് നൽകുന്ന സഹകരണ വകുപ്പിന്റെ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് മുപ്പത്തടം സർവീസ് സഹകരണ ബാങ്ക് നവകേരള സദസിൽ പരാതി നൽകി. സുപ്രീം കോടതി വിധി പ്രകാരം, രജിസ്ട്രാർക്ക് സഹകരണനിയമം അനുവദിക്കുന്ന പരിധിവരെ മാത്രമേ സംഘങ്ങളിൽ നിന്ന് വിവരശേഖരണം നടത്താൻ കഴിയൂ. എന്നാൽ ഏത് രേഖ ആവശ്യപ്പെട്ടാലും വിവരാവകാശ അപേക്ഷകന് നല്കാൻ പബ്ലിക് ഇൻഫോർമേഷൻ ഓഫീസർ സംഘങ്ങളോട് ആവശ്യപ്പെടുന്ന സ്ഥിതിയാണുള്ളത്.
നല്ല നിലയിൽ പ്രവർത്തിക്കുന്ന സഹകരണസ്ഥാപങ്ങളെ അപകീർത്തിപ്പെടുത്താൻ വിവരാവകാശ നിയമം ദുരുപയോഗം ചെയ്തുവരുന്ന പ്രവണതയാണിത്. ഇതിനെ ചെറുക്കാൻ സഹകരണസ്ഥാപനങ്ങൾക്ക് വലിയ വ്യവഹാര ചെലവും വരുന്നു. ഇതിനെതിരെയാണ് മുപ്പത്തടം സർവീസ് സഹകരണ ബാങ്ക് സഹകരണവകുപ്പ് മന്ത്രിക്കും രജിസ്ട്രാർക്കും പരാതി സമർപ്പിച്ചത്.