അങ്കമാലി: അപ്രതീക്ഷിത തീവ്രമഴയ്ക്ക് ശേഷം അങ്കമാലി നഗരത്തിലുണ്ടായ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി നഗരസഭാ ചെയർമാൻ മാത്യു തോമസിന്റെ അദ്ധ്യക്ഷതയിൽ ചാലക്കുടി എം.പി ബെന്നി ബെഹന്നാൻ, അങ്കമാലി എം.എൽ.എ റോജി എം ജോൺ എന്നിവരുടെ സാന്നിദ്ധ്യത്തിൽ വിശാലയോഗം ചേർന്ന് തീരുമാനങ്ങൾ എടുത്തു. നഗരസഭാ കൗൺസിലിന്റെ അനുവാദത്തോടെ ഇവ നടപ്പിലാക്കുവാൻ തീരുമാനിച്ചു. കാനകളുടെ അനധികൃത കൈയേറ്റവും അശാസ്ത്രീയ നിർമ്മാണവുമാണ് വെള്ളക്കെട്ടിന്റെ അടിസ്ഥാന കാരണമെന്ന് യോഗം വിലയിരുത്തി. നിലവിലുള്ള കാനകളുടെ പൂർണമായ വിവരങ്ങൾ ശേഖരിക്കുവാനും വ്യാപ്തി കൂട്ടുവാനും ഭിത്തികൾ കെട്ടി സംരക്ഷിക്കുവാനും അനധികൃത പൈപ്പുകൾ നീക്കം ചെയ്യുവാനും കലുങ്കുകൾ നിർമ്മിക്കുവാനും തടസങ്ങളില്ലാതെ നീരൊഴുക്ക് ഉറപ്പ് വരുത്തുവാനും വേണ്ട നടപടികൾ അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കുവാൻ യോഗം തീരുമാനിച്ചു. നഗരസഭാ വൈസ്‌ചെയർപേഴ്‌സൺ റീത്ത പോൾ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സാജു നെടുങ്ങാടൻ, ബാസ്റ്റിൻ ഡി പാറയ്ക്കൽ, ലിസി പോളി, ലക്‌സി ജോയി, എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ ടി.വൈ ഏല്യാസ്, മുൻ മന്ത്രി അഡ്വ.ജോസ് തെറ്റയിൽ, മുൻ നഗരസഭാ ചെയർന്മാമാരായ അഡ്വ.ഷിയോ പോൾ, ബെന്നി മൂഞ്ഞേലി, സി.കെ വർഗ്ഗീസ്, നഗരസഭാ സെക്രട്ടറി ജെയിൻ വർഗീസ് പാത്താടൻ എന്നിവർ സംസാരിച്ചു.