gandhinagar-waste

കൊച്ചി: താക്കീതുകൾക്കും നിയമനടപടികൾക്കും പുല്ലുവില കല്പിച്ച് നഗരത്തിൽ മാലിന്യം തള്ളൽ തുടരുന്നു. സമ്പൂർണ ഉറവിട മാലിന്യസംസ്കരണം നടപ്പായെന്ന വാദങ്ങൾ തെറ്റെന്നു

തെളിയിക്കുന്നതാണ് പ്രധാന പാതയോരങ്ങളിൽപ്പോലും ഈച്ചയാർക്കുന്ന ഉച്ചിഷ്ടങ്ങളും പ്ലാസ്റ്റിക് കവറുകളും. പകർച്ചപ്പനിയും വയറിളക്ക രോഗങ്ങളും കൊണ്ട് നാട് നട്ടം തിരിയുമ്പോഴും മാലിന്യം വലിച്ചെറിയുന്നവ‌ർക്ക് കുലക്കമില്ല. തെരുവുനായ് ശല്യത്തിനും വളംവച്ച് കൊടുക്കുന്നതാണ് ഈ പ്രവണത.

നഗരത്തിലെവിടെയെങ്കിലും വിജനമായ പറമ്പുകളോ തിരക്കില്ലാത്ത ഇടറോഡുകളോ പുല്ലുപിടിച്ച

പാതയോരങ്ങളോയുണ്ടെങ്കിൽ അവിടെയെല്ലാം മാലിന്യം തള്ളുന്നുണ്ട്.

ബ്രഹ്മപുരം പ്ലാന്റിൽ തീപ്പിടിത്തമുണ്ടായപ്പോൾ നഗരത്തിൽ ആഴ്ചകളോളം മാലിന്യ നീക്കം തടപ്പെട്ടിരുന്നു. പിന്നീട് ഇത് ഒരു പരിധിവരെ നീക്കം ചെയ്തെങ്കിലും അന്ന് മാലിന്യം കുന്നുകൂടിയ ഇടങ്ങൾ ഇന്നും 'ഹോട്സ്പോട്ടു'കളായി തുടരുകയാണ്, മാലിന്യത്തിന്റെ സ്ഥിരം താവളങ്ങൾ. ബ്രഹ്മപുരം ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കുറച്ചുദിവസങ്ങളിൽ പൊലീസും കോർപ്പറേഷനും രാത്രികാല നിരീക്ഷണം ശക്തമാക്കുകയും പലരേയും പിടികൂടി കനത്ത പിഴ ചുമത്തുകയും ചെയ്തിരുന്നു.

കൊച്ചിയിൽ ഉറവിട മാലിന്യസംസ്കരണം നി‌ർബന്ധമാക്കി അന്ന് മന്ത്രിമാർ

അന്തിമ തീയതിയും പ്രഖ്യാപിച്ചതാണ്. എന്നാൽ പല ബഹുനില അപാർട്മെന്റുകളിലും ലേബർ ക്യാമ്പുകളിലും മാർക്കറ്റുകളിലുമടക്കം ഇത് പ്രാവർത്തികമായില്ല. മാലിന്യം പൊതുസ്ഥലത്ത് തള്ളി തടിയൂരുകയാണ് ഇക്കൂട്ടർ.

സി.സി.ടി.വി. ക്യാമറകളും പരാതി പരിഹാര ആപ്പുകളും പട്രോളിംഗ് സംഘവുമടങ്ങുന്ന നിരീക്ഷണ സംവിധാനം തെല്ലയഞ്ഞ നിലയിലാണ്.

 പ്ലാസ്റ്റിക് നീക്കവും പ്രതിസന്ധി

ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്കും വേർതിരിക്കാതെ മാലിന്യ വാഹനങ്ങൾക്ക് ബ്രഹ്മപുരത്തേക്ക് പ്രവേശനമില്ല. അതിനാൽ പ്ലാസ്റ്റിക് ഇടകലരുന്ന മാലിന്യങ്ങൾ റോഡരുകിൽ നിന്ന് നീക്കം ചെയ്യാൻ തുനിഞ്ഞാലും ഹരിത കർമസേനാംഗങ്ങൾക്ക് ഇരട്ടിപ്പണിയാകുന്നു. നിരീക്ഷണം പതിവാക്കുന്നതിനൊപ്പം ഉറവിട മാലിന്യ സംസ്കരണത്തിനുള്ള സാങ്കേതിക സഹായം ശക്തിപ്പെടുത്തുക കൂടി ചെയ്താലേ നഗരം വൃത്തികേടാക്കുന്നതിന് പരിഹാരമാകൂ.