പെരുമ്പാവൂർ: പെരുമ്പാവൂർ - മൂവാറ്റുപുഴ റൂട്ടിൽ രാത്രി 8 മണി കഴിഞ്ഞാൽ യാത്രാ ക്ലേശം രൂക്ഷം. പെരുമ്പാവൂരിൽ നിന്നും രാത്രി 8 നുശേഷം മൂവാറ്റുപുഴയിലേക്ക് കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസ് സർവീസ് ഇല്ലാത്തത് യാത്രക്കാരെ വല്ലാതെ വലയ്ക്കുന്നു. എറണാകുളം, ആലുവ, തൃശൂർ ഭാഗത്ത് നിന്നും വരുന്ന ബസുകളിലെ യാത്രക്കാർ മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുവാനായി പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ തിങ്ങിനിറഞ്ഞു നിൽക്കുന്നത് ഒരു പതിവ് കാഴ്ചയാണ്.
തൃശൂർ ഭാഗത്ത് നിന്ന് കോട്ടയം ഉൾപ്പെടെയുള്ള ഭാഗത്തേക്ക് ദീർഘദൂര ബസുകൾ കുറവാണെന്നതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. രാത്രി 8 മണിക്ക് ശേഷം കെ.എസ് ആർ.ടി.സി സ്റ്റാൻഡിൽ എത്തുന്നവർ മണിക്കൂറുകൾ കാത്ത് നിന്നാണ് യാത്ര തുടരുന്നത്. കഴിഞ്ഞ ദിവസം ബസ് കാത്തു നിന്ന മദ്ധ്യവയസ്ക തലകറങ്ങി വീണ സംഭവം സാമൂഹികവ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
കൊവിഡ് മഹാമാരിക്ക് മുൻപ് വരെ മൂവാറ്റുപുഴയിലേക്ക് രാത്രി 8.10, 8.45, 9.20, 10.20 എന്നീ സമയങ്ങളിൽ കെ.എസ്.ആർ. ടി.സി ഓർഡിനറി ബസ് സർവീസ് നടത്തിയിരുന്നതാണ് എന്നാൽ കൊവിഡിന് ശേഷം യാത്രക്കാരുടെ എണ്ണം വർദ്ധിച്ചിട്ടും കെ.എസ്.ആർ.ടി.സി സർവീസ് പുന:രാരംഭിച്ചിട്ടില്ല. വൈകുന്നേരം 6.40 ന് ശേഷം മൂവാറ്റുപുഴയിലേക്ക് സ്വകാര്യ ബസ് സർവ്വീസ് ഇല്ലാത്തതും അധികൃതർ അവഗണിക്കുകയാണ്. കെ.എസ്.ആർ.ടി.സി രാത്രി 8 മണിക്ക് ശേഷം അടിയന്തരമായി രണ്ട് ഓർഡിനറി സർവീസുകൾ മൂവാറ്റുപുഴ ഭാഗത്തേക്ക് ആരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഇതിനായുള്ള സമര പരിപാടികൾക്ക് രൂപം നൽകാനുള്ള ശ്രമത്തിലാണ് യാത്രക്കാർ.
........................................................
രാത്രി ബസ് സർവീസ് ഇല്ലാത്തത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. അടിയന്തരമായി രണ്ട് ഓർഡിനറി ബസ് സർവീസുകൾ എങ്കിലും ആരംഭിക്കണം.
യാത്രക്കാർ