
തൃപ്പൂണിത്തുറ: പൂത്തോട്ട സർക്കാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ 2020 മാർച്ച് മുതൽ അന്യായമായി നിറുത്തി വച്ച കിടത്തി ചികിത്സ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് 1001കത്തുകൾ അയക്കാൻ വികസന സംരക്ഷണ സമിതി തീരുമാനിച്ചു. നാളെ രാവിലെ 9.30 ന് ആശുപത്രിക്ക് മുമ്പിൽ കത്തെഴുത്ത് ഉദ്ഘാടനം ചെയ്യും. തുടർന്ന് നാട്ടുകാർ തയ്യാറാക്കിയ കത്തുകൾ മന്ത്രിക്ക് അയക്കും. മുമ്പ് ആരോഗ്യ വകുപ്പ് മന്ത്രിക്ക് നേരിട്ട് നിവേദനം കൊടുത്തിരുന്നു. ജനുവരി 2ന് മുഖ്യമന്ത്രിക്കും നവകേരള സദസിൽ നിവേദനം കൊടുക്കും. അനുകൂല നിലപാടുണ്ടായില്ലെങ്കിൽ പ്രക്ഷോഭങ്ങൾ തുടരുമെന്ന് ജനറൽ കൺവീനർ കെ.ടി. വിമലനും ചെയർമാൻ എം.പി. ജയപ്രകാശനും അറിയിച്ചു.