ആലുവ: നഗരത്തിൽ കാന നവീകരണത്തിനായി ജെ.സി.ബി ഉപയോഗിച്ച് കുഴിക്കുന്നതിനിടെ ഭൂഗർഭ കുടിവെള്ള പൈപ്പ് പൊട്ടിയത് നിരവധി വീടുകളെ ദുരിതത്തിലാക്കി. സബ് ജയിൽ റോഡിലെ അമ്പതോളം വീടുകളിലും കടകളിലുമാണ് ഞായറാഴ്ച്ച അപ്രതീക്ഷിതമായി കുടിവെള്ളം മുടങ്ങിയത്.
പൈപ്പുകൾ പൊട്ടിയതിനാൽ കുഴിയെടുത്ത കാനയിൽ കുടിവെള്ളം ഒഴുകിയെടുത്തുകയാണ്. രണ്ട് കണക്ഷനുകളുടെ ചോർച്ച തത്ക്കാലികമായി പരിഹരിച്ചിട്ടുണ്ട്. ബാക്കിയുള്ള പൈപ്പുകൾ മുഴുവനായി തകർന്നു പോയി. ഇന്നലെ അവധി ദിവസമായതിനാൽ ഭാഗികമായി മാത്രമെ അറ്റകുറ്റപ്പണി നന്നിട്ടുള്ളു. ഇന്ന് പൈപ്പുകൾ പുന:സ്ഥാപിക്കുമെന്ന് കരാറുകാരൻ പറഞ്ഞു.
കൂലിച്ചെലവ് കുറക്കാൻ ചെറിയ ജെ.സി.ബി ഉപയോഗിച്ച് കുഴിയ്ക്കുമ്പോൾ ഗാർഹിക കുടിവെള്ള കണക്ഷനുകളെ പ്രതികൂലമായി ബാധിക്കുന്നതായി നേരത്തേ പരാതിയുണ്ട്. വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും വാട്ടർ കണക്ഷുകൾ ഉണ്ടാകുമെന്നത് പരിഗണിക്കാതെയാണ് കരാറുകാർ കാനകുഴിക്കുന്നതെന്ന് പരാതിയുണ്ട്. കുടിവെള്ളം മുട്ടിക്കുന്നത് പലപ്പോഴും പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.