ari

കോലഞ്ചേരി: റേഷൻകടയിലെ അരി ഇപ്പോ പഴയ അരിയല്ല. പ്ളാസ്റ്റിക് അരിയെന്ന പേരിൽ കടകളിൽ തുടരുന്ന തർക്കങ്ങൾ ക‌ടക്കാരെ പെടാപ്പാടിലാക്കുന്നു. കുന്നത്തുനാട്ടിലെ റേഷൻകടകളിൽ ഇക്കുറി കാർഡ് ഉടമകൾക്ക് നൽകാനായി ലഭിച്ചിരിക്കുന്നത് ഫോർട്ടിഫൈഡ് അരിയാണ്. കാഴ്ചയിൽ പ്ളാസ്റ്റിക് അ‌രി പോലെ ഇരിക്കുമെങ്കിലും പോഷക ഗുണമുള്ള അരി വിതരണം ചെയ്യണമെന്ന കേന്ദ്രസർക്കാരിന്റെ നയമനുസരിച്ചാണ് ഫോർട്ടിഫൈഡ് അരി എത്തിച്ചിരിക്കുന്നത്.

ഇരുമ്പ്, ഫോളിക് ആസിഡ് , വൈ​റ്റമിൻ ബി 12 എന്നിവ ചേർത്താണ് ഫോർട്ടിഫൈഡ് അരിയുണ്ടാക്കുന്നത്. നൂറുകിലോ സാധാരണ അരിയിൽ ഒരുകിലോഗ്രാം ഫോർട്ടിഫൈഡ് അരി ചേർത്താണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്. ഇതിന്റെ ഭാഗമാണ് റേഷൻകടകളിലെ അരിയിൽ മാറ്റം കാണുന്നത്.

ഫോർട്ടിഫൈഡ് അരി

ഭക്ഷണത്തിലെ പോഷകനിലവാരം മെച്ചപ്പെടുത്തുകയും അവശ്യ സൂക്ഷ്മ പോഷകങ്ങളുടെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നതാണ് ഫോർട്ടിഫൈഡ് അരി അല്ലെങ്കിൽ സമ്പുഷ്ടീകരിച്ച അരി. രുചിയിലും മണത്തിലും രൂപത്തിലും സാധാരണ അരിക്ക് സമാനവും പൂർണമായും സുരക്ഷിതവുമാണ്.

അരിപ്പൊടി, പ്രീമിക്‌സ് എന്നിവ സംയോജിപ്പിച്ച് തയ്യാറാക്കുന്ന ഫോർട്ടിഫൈഡ് റൈസ് കെർണൽ, 100.1 എന്ന അനുപാതത്തിൽ കലർത്തിയാണ് സമ്പുഷ്ടീകരിച്ച അരിയാക്കി മാ​റ്റുന്നത്.

പോഷകാഹാരക്കുറവിനെ ഒരുപരിധിവരെ ചെറുക്കാൻ ഇതിലൂടെ കഴിയും. ഫുഡ് സേഫ്റ്റി ആൻഡ് സ്​റ്റാൻഡേർഡ് അതോറി​റ്റി ഒഫ് ഇന്ത്യ മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടാണ് ധാന്യങ്ങൾ സമ്പുഷ്ടീകരിച്ചിരിക്കുന്നത്.

വ്യാജപ്രചാരണങ്ങൾ തള്ളിക്കളയണം

ഫോർട്ടിഫൈഡ് അരി പ്ലാസ്​റ്റിക്ക് ആണെന്നുള്ള വ്യാജപ്രചാരണങ്ങൾ കാർഡുടമകൾ തള്ളിക്കളയണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.