rape

കൊച്ചി: പൊലീസിന് പ്രതികളിലേക്കെത്താൻ ഒരു തുമ്പോ തെളിവോ സംഭവസ്ഥലം ഒളിഞ്ഞും തെളിഞ്ഞും കാട്ടിക്കൊടുക്കാറുണ്ട്. കമ്മട്ടിപ്പാടത്ത് 59കാരിയെ മൃഗീയമായി പീഡിപ്പിച്ചശേഷം മർദ്ദിച്ച് പരിക്കേൽപ്പിച്ച് ചതുപ്പിൽ തള്ളിയ കേസിലും അതുണ്ടായി. സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്ത ചെരുപ്പ്. 72 മണിക്കൂറിനകം ആസം സ്വദേശി ഫിർദൗസ് അലിയെ (28) പിടികൂടാൻ സഹായിച്ചതും ഈ തുമ്പു തന്നെ. എറണാകുളം സെൻട്രൽ അസി. പൊലീസ് കമ്മിഷണർ ജയകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചെരുപ്പ് കണ്ടെത്തിയത്. പിന്നീട് ആശുപത്രിയിലെത്തിയുള്ള മൊഴിയെടുപ്പിൽ ഇയാൾ ഉപയോഗിച്ചിരുന്ന സൈഡ് ബാഗിനെക്കുറിച്ചുള്ള വിവരവും അന്വേഷണത്തിൽ നിർണായകമായി.

സ്ത്രീയെ കടത്തിക്കൊണ്ടുപോയ നോർത്ത് റെയിൽവേ സ്റ്റേഷനിലെ ഓട്ടോ സ്റ്റാൻഡും പരിസരവും കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ട ആന്വേഷണം. സി.സി ടിവി പരിശോധിച്ച പൊലീസിന് നോർത്ത് ഓവർ ബ്രിഡ്ജിന് അടിയിലൂടെ ബാഗ് ധരിച്ച ഒരാളോടൊപ്പം പരിക്കേറ്റ സ്ത്രീ ഒന്നിച്ചുപോകുന്ന അവ്യക്തമായ ദൃശ്യം ലഭിച്ചു. ഏതാനും മാസങ്ങൾക്ക് മുമ്പ് ലഹരിക്കേസിൽ അറസ്റ്റിലായ അന്യസംസ്ഥാന തൊഴിലാളിയാണിതെന്ന കടവന്ത്ര സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്റെ സംശയം വഴിത്തിരിവായി. സ്റ്റേഷനിൽ നിന്ന് മേൽവിലാസവും ഫോൺ നമ്പറും തപ്പിയെടുത്തു. നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഫിർദൗസ് സംഭവദിവസം നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തും കമ്മട്ടിപ്പാടത്തുമുണ്ടായിരുന്നതായി ടവർ ലൊക്കേഷൻ ലഭിച്ചു.

 ഫേസ്ബുക്കിലും ചെരുപ്പ്

ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. പ്രതിയുടെ ഫേസ്ബുക്ക് തുറന്ന പൊലീസ് ആദ്യം കണ്ടത് ഫിർദൗസിന്റെ ഫോട്ടോ. അതിൽ ഇയാളിട്ടിരുന്നതാകട്ടെ പൊലീസിന് ലഭിച്ച അതേ ചെരുപ്പും. പ്രതി ഫിർദൗസാണെന്ന് ഉറപ്പിച്ച പൊലീസ് അന്വേഷണം വിപുലപ്പെടുത്തി. സ്വിച്ച് ഓഫായിരുന്ന ഫോൺ ശനിയാഴ്ച രാവിലെ ഓണായതോടെ ഫിർദൗസിലേക്ക് പൊലീസ് അനായാസം എത്തി. കലൂരിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവശേഷം ബാറിൽ കയറി മദ്യപിച്ച ഇയാൾ സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തി. ഇവിടെയും സ്ത്രീകളെ ചുറ്റിപ്പറ്റി നടക്കുകയായിരുന്നു. പിന്നീട് തൃശൂർ ഭാഗത്തേക്കുള്ള ട്രെയിൻ കയറി അങ്കമാലിയിൽ ഇറങ്ങി. ഇവിടെ നിന്ന് എറണാകുളത്തേക്ക് ബസിൽ തിരികെ വരികയായിരുന്നു.

 പൊറോട്ടയടിക്കാരൻ

ഏഴ് വർഷം മുമ്പ് കേരളത്തിലെത്തിയ ഫി‌ർദൗസ് ഏറെക്കാലം വയനാടായിരുന്നു. ഇവിടെ ഒരു റെസ്റ്റോറന്റിൽ പൊറോട്ട മേക്കറായി ജോലി ചെയ്തു. ഏതാനും മാസം മുമ്പാണ് കൊച്ചിയിലെത്തിയത്. പൊറോട്ടയടിക്കാൻ ആളെവേണമെന്ന് ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്. ഫിർദൗസ് നല്ലപോലെ മലയാളം സംസാരിക്കുന്നയാളാണെന്നും ലൈംഗിക വൈകൃതത്തിന് അടിമയാണെന്നും പൊലീസ് പറഞ്ഞു.