പട്ടിമറ്റം: തെരുവ് നായ്ക്കൾ പട്ടിമറ്റം കൈതക്കാട് മുരിയൻചിറ അലി ലത്തീഫിയുടെ വീട്ടിലെ 25 ഓളം വളർത്തു കോഴികളെ കൊന്നു. ശനി രാത്രിയാണ് സംഭവം. പത്തോളം കോഴികളെ കൊന്നൊടുക്കിയ ശേഷം ബാക്കിയുള്ളവയെ കടിച്ചു കൊണ്ടുപോയി. നാടൻ കോഴികളെ വളർത്തി വില്പന നടത്തുന്ന കുടുംബമാണിത്. രാത്രിയിൽ കോഴികളുടെ ബഹളം കേട്ടതിനെ തുടർന്ന് നോക്കിയപ്പോഴാണ് പട്ടികൾ കൂട്ടം ചേർന്ന് ആക്രമിക്കുന്നത് കണ്ടത്. പട്ടിമറ്റം, കൈതക്കാട്,നീലിമല പ്രദേശങ്ങളിൽ തെരുവ് നായ്കളുടെ ശല്യം രൂക്ഷമാണ്. നാട്ടുകാരുടെ പരാതിയെ തുടർന്ന് എ.ബി.സി വിഭാഗം പട്ടിയെ പിടിച്ചു കൊണ്ടു പോയിരുന്നു. എന്നാൽ തിരിച്ചു വിട്ടത് കൊണ്ടു പോയതിലും ഇരട്ടിയാണെന്നാണ് നാട്ടുകാരുടെ പരാതി. സമീപത്തുള്ള മാർ കൂറിലോസ് ഹയർസെക്കൻഡറി സ്‌കൂളിലേക്ക് പോകുന്ന കുട്ടികൾക്ക് പലപ്പോഴും നായ്കളുടെ ഉപദ്റവം ഏല്ക്കേണ്ടി വരുന്നതായും പരാതിയുണ്ട്.