unani
എടത്തല യുനാനി ആശുപത്രി

ആലുവ: കേന്ദ്ര സർക്കാരിന് കീഴിലുള്ള എടത്തല യുനാനി ആശുപത്രിയുടെ വികസനത്തിന് കേന്ദ്രം 10 കോടി രൂപ അനുവദിച്ച് 12 വർഷം പിന്നിട്ടിട്ടും റീജിനൽ ഇൻസ്റ്റിറ്റ്യൂട്ടായി ഉയർത്തുന്നതിന് സ്ഥലം കണ്ടെത്തിയില്ല. ഇതോടെ യുനാനി ആശുപത്രിയിൽ ചികിത്സതേടിയത്തുന്ന രോഗികൾ അടിസ്ഥാന സൗകര്യം പോലുമില്ലാതെ വലയുന്നു.

1986ൽ എടത്തല യത്തീം ഖാനയിൽ സ്ഥാപിതമായ യുനാനി സെന്റർ 1997ലാണ് നിലവിലുള്ള പഴയ ഗ്രമാപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റിയത്. ഇതിനിടയിൽ റീജിനൽ റിസർച്ച് സെന്ററായി ഉയർത്തുകയും പലയിടങ്ങളിലും സെന്ററുകളും സ്ഥാപിക്കുകയും ചെയ്തു. കൂടുതൽ സൗകര്യം ഒരുക്കാത്തതിനാൽ സ്ഥാപനം എടത്തലയ്ക്ക് നഷ്ടപ്പെടുമെന്ന സ്ഥിതിയുമുണ്ടായി. തുടർന്ന് 2012ൽ യുനാനി ഡയറക്ടർ ജനറൽ സ്ഥലം സന്ദർശിച്ച് പഞ്ചായത്ത് ഒരേക്കർ സ്ഥലം ലഭ്യമാക്കിയാൽ റീജിനൽ ഇൻസ്റ്റിറ്റ്യൂട്ടായി ഉയർത്തുമെന്ന് പ്രഖ്യാപിക്കുകയും 10 കോടി രൂപയും അനുവദിച്ചു.

ഇതേത്തുടർന്ന് അൽ അമീൻ കോളേജിനടുത്തുള്ള ആറ് ഏക്കറിൽ നിന്നോ പഞ്ചായത്ത് വക കളിസ്ഥലമോ നാലാംമൈലിൽ പെരിയാർവാലി വക സ്ഥലമോ അനുവദിക്കണമെന്ന് പഞ്ചായത്ത് സർവകക്ഷിയോഗവും പഞ്ചായത്ത് ഭരണസമിതിയും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. മൂന്ന് സ്ഥലങ്ങളും പരിശോധിച്ച റവന്യൂ അധികൃതർ പെരിയാർവാലി സ്ഥലം സർക്കാർ തീരുമാനിച്ചാൽ വിട്ട് കൊടുക്കാമെന്നും റിപ്പോർട്ട് നൽകി. ഇതോടെ പ്രാദേശിക വാദമുയർത്തി തർക്കമായി. പഞ്ചായത്ത് ഓഫീസിന് മുമ്പിൽ സമരങ്ങളുടെ വേലിയേറ്റമായി. പഞ്ചായത്ത് ഭരിക്കുന്ന കോൺഗ്രസിലും വിഷയം കടുത്ത ചേരിപ്പോരിന് വഴിയൊരുക്കി.

2015ലും കോൺഗ്രസ് വീണ്ടും അധികാരത്തിൽ വന്നെങ്കിലും യുനാനി വികസനത്തിന് സ്ഥലം കണ്ടെത്താനായില്ല. അരോഗ്യ മന്ത്രിയായിരുന്ന കെ.കെ. ശൈലജ പദ്ധതി സ്വന്തം മണ്ഡലത്തിലേക്ക് മാറ്റാനും നീക്കം നടത്തിയെന്നും ആരോപണം ഉയർന്നു. അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന യുനാനിയുടെ വികസനം എല്ലാവരും രാഷ്ട്രീയക്കാരും പഞ്ചായത്ത് ഭരണസമിതിയുമെല്ലാം മറന്നമട്ടാണ്.

രോഗി​കൾ നൂറ് കണക്കി​ന്

ദിനം പ്രതി നൂറ് കണക്കിന് രോഗികളാണ് പഞ്ചായത്തിന് അകത്തും പുറത്തും നിന്നായി എടത്തലയിൽ എത്തുന്നത്.

ശ്വാസകോശ രോഗങ്ങൾ, കരൾവീക്കം, ആസ്ത്മ, ത്വക്ക് രോഗങ്ങൾ, വെള്ളപ്പാണ്ട്, പൊടി അലർജി, മൂലക്കുരു, സ്ത്രീകൾക്കുള്ള വെള്ള പോക്ക് തുടങ്ങിയവയ്ക്ക് ഇവിടെ ഫലപ്രദമായ ചികിത്സയാണ്.