1

ഫോർട്ട് കൊച്ചി: പുതുവത്സരദിനത്തിന്റെ സായാഹ്നം വരെ നീണ്ടു നിൽക്കുന്ന ആഘോഷത്തിന്റെ ദിനരാത്രങ്ങൾക്ക് തുടക്കം കുറിച്ച് കാർണിവൽ സ്ക്വയറിൽ കൊച്ചിൻ കാർണിവൽ പതാക ഉയർന്നു. തുടർന്ന് ആഘോഷങ്ങളുമായി സഹകരിക്കുന്ന എഴുപതോളം വർണ പതാകകളും അറബിക്കടലിന്നഭിമുഖമായി ആരവങ്ങളോടെ ഉയർത്തി.

കാർണിവൽ പതാക ഉയർത്തൽ ചടങ്ങ് നിർവഹിച്ച കെ.ജെ. മാക്സി എം. എൽ. എ ഇതോടനുബന്ധിച്ചു ചേർന്ന പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സബ് കളക്ടറും ആഘോഷകമ്മിറ്റി ചെയർ പേഴ്സനുമായ കെ. മീര അദ്ധ്യക്ഷയായി. നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ.ആന്റണി കുരീത്തറ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൻ ഷിബലാൽ, കൗൺസിലർമാരായ കെ. എ. മനാഫ്, ഇസ് മുദ്ദീൻ, ഷീബ ഡ്യൂറോം, ഷീല തദേവൂസ്, കെ.പി. ആൻറണി, തുടങ്ങിയവർ പ്രസംഗിച്ചു. ആഘോഷ കമ്മിറ്റി ജനറൽ സെക്രട്ടറി കെ. കെ. നദീർ സ്വാഗതവും ജനറൽ കൺവീനർ സേവ്യർ ബോബൻ നന്ദിയും പറഞ്ഞു. ഇന്നലെ ഫോർട്ടുകൊച്ചി - കണ്ണമാലി സൈക്കിൾ സ്പീഡ് റേസ്‌ , കൊങ്കണി ഭാഷോത്സവ്, കൊച്ചിൻ മ്യൂസിക് സോൺ ഗാനമേളയും കാർണിവൽ ആഘോഷത്തിന്റെ ഭാഗമായി നടന്നു. ഇന്ന് വൈകിട്ട് 6ന് വാസ്കോ ഡി ഗാമ സ്ക്വയറിൽ കരോക്കെ ഗാനമേള നടക്കും.