കൊച്ചി: കാഴ്ചപരിമിതിയുള്ള യുവാവിനെ ബസിൽവച്ച് മർദ്ദിച്ച കേസിൽ പ്രതികൾ പിടിയിൽ. ബസിലെ യാത്രക്കാരായ കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്‌സ് സ്വദേശി ചാത്തൻവേലിമുകൾ വീട്ടിൽ ഷാജി (26), ചേരാനല്ലൂർ കച്ചേരിപ്പടി സ്വദേശി വടക്കുമാനപറമ്പിൽ വീട്ടിൽ ആൻസൻ (25) എന്നിവരെയാണ് തൃക്കാക്കര പൊലീസ് ഇൻസ്‌പെക്ടർ എസ്. രാജേഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കഴിഞ്ഞ 15 ന് വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം.
കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്‌സ് സ്വദേശി ബി.എം. ഷാനെയാണ് ഇവർ ആക്രമിച്ചത്. ഹൈക്കോടതി ജംഗ്ഷനിൽനിന്ന് ബസിൽ കയറിയ ഷാൻ കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്‌സ് ബസ് സ്റ്റോപ്പിൽ ബസിൽനിന്നിറങ്ങാൻ വൈകിയെന്നാരോപിച്ച് ബസ് സ്റ്റോപ്പിൽ വച്ച് പ്രതികൾ ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. ആക്രമത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കാക്കനാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇരുവരും നിരവധി കേസുകളിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.