
തൃപ്പൂണിത്തുറ: പാലസ് ഓവലിൽ നടന്ന അഖിലേന്ത്യാ പൂജാ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ കോയമ്പത്തൂർ ആർ.കെ.എസ് ജോളി റോവേഴ്‌സിനെ തോൽപ്പിച്ച് സൗത്ത് സോൺ ചെന്നൈ ജേതാക്കളായി. ആദ്യം ബാറ്റുചെയ്ത ജോളി റോവേഴ്‌സ് നിശ്ചിത 45 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 256 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ സൗത്ത് സോൺ ചെന്നൈ 38.1 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് നേടി. മഴ കളി തടസപ്പെടുത്തിയതോടെ മികച്ച റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ സൗത്ത് സോൺ ചെന്നൈയെ ചാമ്പ്യൻമാരായി പ്രഖ്യാപിച്ചു. ഫൈനലിലെ താരമായി സൗത്ത് സോൺ ടീമിലെ അതീഖ് റഹ്‌മാൻ തിരഞ്ഞെടുക്കപ്പെട്ടു.
മുൻ കേരള രഞ്ജി താരവും കെ.സി.എ അപെക്സ് കൗൺസിൽ അംഗങ്ങളായ സന്തോഷ് സുബ്രഹ്മണ്യം സമ്മാനദാനം നടത്തി. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ് പ്രസിഡന്റ് സാബി ജോൺ അദ്ധ്യക്ഷനായി. സ്പോൺസർ നാവിയോ ഷിപ്പിംഗ് ചെയർമാൻ അജയ് എസ്. തമ്പി, കൺവീനർ ഡോ. കുനാൽ വിശ്വം, സെക്രട്ടറി സി.ജി. ശ്രീകുമാർ, ട്രഷറർ കൃഷ്ണദാസ് എം. കർത്ത, ഇൻചാർജ് സന്തോഷ് സ്ലീബ എന്നിവർ സംസാരിച്ചു.