chicken

കൊച്ചി: ഇറച്ചിക്കോഴി വിപണിയിലെ കഷ്ടകാലം ക്രിസ്മസ് പുതുവത്സര വിപണികളിൽ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷിച്ച വ്യാപാരികൾക്ക് വില്ലനായി തമിഴ്നാട്ടിലെ മഴ. മഴയിൽ തമിഴ്നാട്ടിലെ കച്ചവടം മോശമായാൽ വിലയിടിയും. അങ്ങനെ വന്നാൽ ഇവിടെ വിലകൂട്ടാൻ സാധിക്കില്ലെന്നും കച്ചവടക്കാ‌ർ പറയുന്നു. തമിഴ്നാട്ടിലെ വിലയേക്കാളും ഇവിടെ വില വർദ്ധിപ്പിച്ചാൽ കച്ചവടക്കാ‌ർ തമിഴ്നാട്ടിൽ എത്തി കോഴിവാങ്ങും. അതോടെ ഇവിടെ കച്ചവടമില്ലാതാകും. നിലവിൽ 40 ശതമാനത്തോളം കോഴികളെ തമിഴ്നാട്ടിൽ നിന്നെത്തിച്ചാലെ സംസ്ഥാനത്തെ ആവശ്യം നടക്കൂ. എങ്കിലും ക്രിസ്മസ് ആവുമ്പോൾ വില കൂടുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാ‌ർ.

അടുത്തിടെ കോഴിക്കൃഷിയിൽ കർഷകർക്ക് നഷ്ടം മാത്രമാണ് സമ്മാനിക്കുന്നത്. വില കൂടിയാലും കർഷകർക്ക് കാര്യമായ നേട്ടമൊന്നുമില്ലെങ്കിലും വ്യാപാരികളിൽ ഇത് കൂടുതൽ പ്രതീക്ഷയേകും.

ആഘോഷങ്ങൾക്ക് ചിക്കൻ വിഭവം
45 ദിവസമാണ് കോഴിയെ വളർത്തുന്നത്. 33-35 ദിവസം വരെ വളർച്ചയെത്തുന്ന കോഴിയെയാണ് ഇറച്ചിക്കായി കൊടുക്കുന്നത്. ഏകദേശം ഒന്നേമുക്കാൽ കിലോയോളം തൂക്കം വരുന്നവയാണിത്. നാലോ അഞ്ചോ ദിവസം കഴിഞ്ഞാൽ തൂക്കം വീണ്ടും കൂടും.
ഹോട്ടലുകളിൽ വിവിധ പ്രായത്തിലുള്ള കോഴികളെയാണ് എത്തിക്കാറ്. 30-33 ദിവസം വരെയാകുന്നവയെയാണ് അൽ, കുഴിമന്തി എന്നിവയ്ക്കായി ഉപയോഗിക്കുന്നത്. എണ്ണ ഉപയോഗിക്കാതെ ഇറച്ചിവേവിക്കുന്നത് ഈ പാകമാണ് കണക്കാക്കുന്നത്. ചിക്കൻ ഫ്രൈ, ചില്ലി ചിക്കൻ തുടങ്ങിയവയ്ക്ക് രണ്ടു കിലോയോളം വരുന്നവ വേണം. മാംസം കൂടുതലായി വേണ്ടുന്നവയാണ്. ഷവായി പോലുള്ള വിഭവങ്ങൾക്ക് രണ്ട് കിലോയിൽ കൂടുതലുള്ളവ വേണം. ഷവർമ്മ തയ്യാറാക്കുന്നതിനാണ് ഏറ്റവും തൂക്കം കൂടുതലുള്ള കോഴികളെയാണ് ഉപയോഗിക്കുന്നത്.


വില

ഇന്നലത്തെ ഫാം നിരക്ക്- 112

ചില്ലറ വില്പന വില- 125-130

ക്രിസ്മസ് പുതുവത്സരം പ്രതീക്ഷിക്കുന്ന ഫാം റേറ്റ്- 140 രൂപ

നിലവിൽ പൗൾട്രി മേഖല വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കുറച്ച് കാലമായി കോഴിയുടെ വിലയ്ക്ക് കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇത് പരിഹരിക്കപ്പെടണം

സുൽഫിക്കർ

സംസ്ഥാന സെക്രട്ടറി

പൗൾട്രി ഫാർമേഴ്സ് ആൻഡ് ട്രേഡേഴ്സ് അസോസിയേഷൻ ഒഫ് കേരള