
കൊച്ചി: സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നതു സംബന്ധിച്ച നിയമത്തിൽ നിയമസഭ പാസാക്കിയ ഭേദഗതിക്ക് ഗവർണറുടെ അനുമതി വൈകുന്നതാണ് വിവിധ സർവകലാശാലകളിലെ വി.സി നിയമനങ്ങൾ വൈകാൻ കാരണമെന്ന് ഹൈക്കോടതിയിൽ സർക്കാർ. ഒമ്പതു സർവകലാശാലകളിൽ വി.സി നിയമനം നടത്താൻ ഗവർണർക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ഡോ. മേരി ജോർജ് നൽകിയ ഹർജിയിൽ അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്‌ണക്കുറുപ്പാണ് ഇക്കാര്യം വിശദീകരിച്ചത്.
കാർഷിക, ഫിഷറീസ്, വെറ്ററിനറി, സാങ്കേതിക, മലയാളം സർവകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സർക്കാരിന് തടസമില്ലെന്നും ശേഷിച്ചവയുടെ കാര്യത്തിലാണ് നിയമ ഭേദഗതിയുടെ അംഗീകാരം കാത്തിരിക്കുന്നതെന്നും സർക്കാർ വിശദീകരിച്ചു.
നിയമഭേദഗതിയിൽ ഗവർണർ തീരുമാനമെടുക്കാത്തതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജിയുണ്ടെന്നും അതിനാൽ ഈ ഹർജി നിയമപരമായി നിലനിൽക്കില്ലെന്നും അഡ്വക്കേറ്റ് ജനറൽ വ്യക്തമാക്കി. ഇക്കാര്യവും പരിഗണിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഹർജി ജനുവരി 11ലേക്ക് മാറ്റി. കേരള, എം.ജി, കണ്ണൂർ, കുസാറ്റ്, നുവാൽസ് തുടങ്ങിയ സർവകലാശാലകളിലും സ്ഥിരം വി.സിമാരില്ല.
കാലിക്കറ്റ് വി.സിക്കെതിരെ ഗവർണർ നടപടിയെടുത്തേക്കും
കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ തനിക്കെതിരായ എസ്.എഫ്.ഐ ഉയർത്തിയ ബാനറുകൾ നീക്കം ചെയ്യാനുള്ള നിർദ്ദേശം അംഗീകരിക്കാതിരുന്ന വൈസ്ചാൻസലർ ഡോ.എം.കെ.ജയരാജിനെതിരേ ഗവർണർ നടപടിയെടുക്കുത്തേക്കും.
ചുമതലയിൽ വീഴ്ച വരുത്തിയതിന് വി.സിയെ സസ്പെൻഡ് ചെയ്യാൻ നിയമനാധികാരിയായ ചാൻസലർക്ക് അധികാരമുണ്ട്. ചാൻസലറുടെ വാക്കാലുള്ള നിർദ്ദേശം പോലും അനുസരിക്കാൻ വി.സി ബാദ്ധ്യസ്ഥനാണ്. എന്നിട്ടും ബാഹ്യപ്രേരണയാൽ നിർദ്ദേശം അനുസരിക്കാൻ വി.സി തയ്യാറായില്ലെന്ന് രാജ്ഭവൻ വ്യക്തമാക്കി.
പെരുമാറ്റദൂഷ്യമോ അഴിമതിയോ കെടുകാര്യസ്ഥതയോ കണ്ടെത്തിയാൽ വൈസ്ചാൻസലറെയും പ്രോ വൈസ്ചാൻസലറെയും ചുമതലയിൽ നിന്ന് നീക്കാൻ ഗവർണർക്ക് കഴിയും. സസ്പെൻഡ് ചെയ്താൽ വി.സിയുടെ ചുമതല പി.വി.സിക്കോ സീനിയർ പ്രൊഫസർക്കോ മറ്റേതെങ്കിലും വി.സിമാർക്കോ കൈമാറാം. ഒരു ദിവസത്തേക്കെങ്കിലും വി.സിയെ സസ്പെൻഡ് ചെയ്യുന്നതടക്കം നടപടികൾ ഗവർണറുടെ പരിഗണനയിലുണ്ടെന്നാണ് അറിയുന്നത്.ബാനറുകൾ നീക്കാനുള്ള നിർദ്ദേശം അനുസരിക്കാതിരുന്നതിന് ഗവർണർ വി.സിയോട് വിശദീകരണം തേടിയിരുന്നു. ഇന്നലെ വാഴ്സിറ്റിയിൽ നടന്ന സെമിനാറിൽ നിന്ന് വി.സി വിട്ടു നിന്നതും ഗൗരവമായി കാണുന്നതായി രാജ്ഭവൻ വ്യക്തമാക്കി.