pine

കോലഞ്ചേരി: വിലയിൽ താരമായി നിന്ന പൈനാപ്പിളിന്റെ "മധുരം" കുറയുന്നു. ഞായറാഴ്ച ജില്ലയിലെ വി.എഫ്.പി.സി.കെ വിപണികളിൽ നടന്ന ലേലത്തിൽ വില കുത്തനെ ഇടിഞ്ഞ് 17-22 നിരക്കിലാണ് വില്പന നടന്നത്.

ഒരിക്കൽ പോലും ഡിസംബറിൽ ഇത്ര കണ്ട് വില കൂപ്പു കുത്തിയ ചരിത്രം ഉണ്ടായിട്ടില്ലെന്നാണ് കർഷകർ പറയുന്നത്. രണ്ട് മാസം മുമ്പ് 50-55 നിരക്കിലെത്തിയിരുന്നു. പിന്നീട് കുറഞ്ഞെങ്കിലും 30 രൂപയിൽ താഴെ പോയിരുന്നില്ല. വില കുത്തനെ കുറഞ്ഞതോടെ കർഷകർക്ക് വിളവെടുക്കാന ചെലവായ പണം പോലും ലഭിച്ചിട്ടില്ല. ചെടിയിൽ കിടന്ന് പോയാൽ പോലും ഇത്ര നഷ്ടം വരില്ലായിരുന്നു എന്നാണ് കർഷകനായ പി.ബിജുകുമാർ പറയുന്നത്. ഉത്തരേന്ത്യയിലെ ശൈത്യമാണ് കർഷകരെ ചതിച്ചതെന്നാണ് മൊത്ത വ്യാപാരികൾ പറയുന്നത്. മഴുവന്നൂരിലെ സ്വാശ്രയ വിപണിയിൽ കിലോ 12 - 18 വരെ വില ലഭിച്ചപ്പോൾ തിരുവാണിയൂരിൽ നല്ല ഇനത്തിന് 22 രൂപ വരെ ലഭിച്ചു.

സംസ്ഥാനത്തെ പൈനാപ്പിൾ ഉത്പാദനത്തിൽ 60 ശതമാനവും ജില്ലയുടേതാണ്. മികച്ച വില്പന പ്രതീക്ഷിച്ച് കർഷകർ ഇത്തവണ ഉത്പാദനം ഉയർത്തിയതും തിരിച്ചടിയായി.

മ​റ്റ് സംസ്ഥാനങ്ങളിൽ മഴ കനത്തതോടെയാണ് കേരളത്തിൽ പൈനാപ്പിൾ കയ​റ്റുമതി പ്രതിസന്ധിയിലായത്. ക്രിസ്മസ്‌ ന്യൂ ഇയർ ആവശ്യങ്ങൾക്കായി ഡിസംബറിൽ പൈനാപ്പിളിന് ആവശ്യം ഉയരുന്നതാണ്. എന്നാൽ, ഇത്തവണ ശീതളപാനീയ കമ്പനികളിൽ നിന്ന് കാര്യമായ ഓർഡർ
ലഭിച്ചിരുന്നില്ല. അതിനാൽ, കിട്ടുന്ന വിലയ്ക്ക് വിൽക്കേണ്ട അവസ്ഥയിലാണ് കർഷകർ.
കഴിഞ്ഞ വർഷം ഡിസംബറിൽ പൈനാപ്പിൾ പഴത്തിന് 34 രൂപ, പച്ചയ്ക്ക് 33 രൂപ, സ്‌പെഷ്യൽ പച്ചയ്ക്ക് 35 രൂപ എന്നിങ്ങനെയായിരുന്നു വ്യാപാരം. വരും ദിവസങ്ങളിലും മഴ തുടരുകയാണെങ്കിൽ പൈനാപ്പിൾ വില വീണ്ടും ഇടിയും.

മൂന്നു വർഷം വരെയുള്ള പാട്ടത്തിനെടുത്താണ് കൃഷിയിറക്കുന്നത്. മൂന്നു തവണകളായി പാട്ടത്തുക നൽകണം. ഇതോടൊപ്പം ബാങ്ക് ലോണുമുണ്ട്. ഇക്കണക്കിന് വില കുറഞ്ഞാൽ ആത്മഹത്യ മാത്രമാണ് മുന്നിലുള്ളത്.

സിജു ജോസഫ്, കർഷകൻ, മഴുവന്നൂർ

സംസ്ഥാനത്ത് വില്പന ഉയർന്നിട്ടുണ്ടെങ്കിലും കർഷകർക്ക് കാര്യമായ നേട്ടം ഇതുവഴി ലഭിക്കില്ല.

ജോഷി

കർഷകൻ

തിരുവാണിയൂർ വണ്ടിപേട്ട