തൃപ്പൂണിത്തുറ: ഉദയംപേരൂർ ഗ്രാമ പഞ്ചായത്ത് ഫ്രണ്ട് ഓഫീസിൽ ഫയലുകൾക്ക് കീഴിൽ പൊടി പിടിപ്പിച്ച് ഓക്സിജൻ കോൺസൺട്രേറ്റർ കിടക്കുമ്പോൾ പാലിയേറ്റീവ് സെന്ററിന് കീഴിലുള്ള കിടപ്പു രോഗികൾ ഓക്സിജനായി കേഴുന്നു.
കൊവിഡിന്റെ ആഘാതത്തിൽ നട്ടം തിരിഞ്ഞ ജനങ്ങൾക്ക് ആശ്വാസമേകാനായി ഹൈബി ഈഡൻ എം.പി 2022 ജൂണിൽ ഗ്രാമ പഞ്ചായത്തിന് സൗജന്യമായി നൽകിയ അര ലക്ഷത്തിലേറെ വിലയുള്ള കോൺസൺട്രേറ്ററാണ് കഴിഞ്ഞ ഒന്നര വർഷമായി പഞ്ചായത്തിൽ ഉപയോഗിക്കാതെ നശിച്ചു കൊണ്ടിരിക്കുന്നത്.
ഉദയംപേരൂർ ഫിഷർമെൻ ഹോസ്പിറ്റലിൽ പഞ്ചായത്തിന്റെ കീഴിലുള്ള പാലിയേറ്റീവ് സെന്ററിൽ ദിവസേന ഓക്സിജൻ ആവശ്യമുള്ള കിടപ്പുരോഗികൾ ഏറെയുണ്ട്. ഇവിടെയുള്ള രണ്ട് കോൺസൺട്രേറ്ററുകളിൽ ഒരെണ്ണം എമർജൻസി ആവശ്യങ്ങൾക്കായി ആശുപത്രിയിൽ സ്ഥിരമായി വയ്ക്കണം. രണ്ടാമത്തേതാണ് വീടുകളിലെ കിടപ്പ് രോഗികൾക്ക് എത്തിച്ചു നൽകുന്നത്. ആവശ്യക്കാർ കൂടുമ്പോൾ തൃപ്പൂണിത്തുറ നഗരസഭയിൽ നിന്ന് താത്കാലികമായി വാങ്ങി നൽകി വരികയായിരുന്നു. എന്നാൽ ഈയിടെയായി നഗരസഭയിൽ നിന്ന് ഇത് ലഭിക്കുന്നില്ല.
ഫിഷർമെൻ ഹോസ്പിറ്റൽ അധികൃതരോടും പാലിയേറ്റീവ് വിഭാഗത്തോടും പലതവണ ആവശ്യപ്പെട്ടെങ്കിലും അവർ എടുക്കാൻ തയ്യാറായില്ല. കോൺസൺട്രേറ്റർ ഉടൻ തന്നെ അവിടെ എത്തിക്കും
മിനി പ്രസാദ്
ചെയർപേഴ്സൺ
ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി