അങ്കമാലി: അങ്കമാലി നഗരസഭയിൽ ചമ്പന്നൂർ പൂതാംതുരുത്ത് പ്രദേശത്ത് മുപ്പത് വർഷത്തിലേറെക്കാലം തരിശ് ഭൂമിയായി കിടന്നിരുന്ന 100 ഏക്കർ പാടശേഖരത്ത് നഗരസഭയുടെ നേതൃത്വത്തിൽ നെൽകൃഷിയിറക്കും. ചമ്പന്നൂർ വ്യവസായ മേഖലയിൽ നിന്നും നാളുകളായി ഒഴുകിക്കൊണ്ടിരുന്ന മലിനജലം മൂലം പാടശേഖരത്തിൽ കൃഷിയിറക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ഏറെക്കാലത്തെ ജനകീയ പ്രക്ഷോഭങ്ങൾക്കു ശേഷം ഈ പ്രദേശത്തേക്കുള്ള മലിനജലത്തിന്റെ ഒഴുക്ക് നഗരസഭയുടെയും കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ശ്രമഫലത്താൽ ഇല്ലാതാക്കുകയും കൃഷിയോഗ്യമാക്കി മാറ്റുകയായിരുന്നു.
ട്രാക്ടറുകൾ ഉപയോഗിച്ച് നിലമൊരുക്കുന്ന പ്രവൃത്തിയുടെ ഫ്‌ളാഗ് ഓഫ് കർമ്മം നഗരസഭ ചെയർമാൻ മാത്യു തോമസ് നിർവഹിച്ചു. നഗരസഭ വൈസ്‌ചെയർപേഴ്‌സൺ റീത്ത പോൾ, വാർഡ് കൗൺസിലർ ഷൈനി മാർട്ടിൻ, സ്ഥിരം സമിതി അദ്ധ്യക്ഷമാരായ ബാസ്റ്റിൻ ഡി പാറയ്ക്കൽ, സാജു നെടുങ്ങാടൻ, ലിസി പോളി, ലക്‌സി ജോയി, എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ടി.വൈ ഏല്യാസ്, കൗൺസിലർമാരായ മനു നാരായണൻ, ലില്ലി ജോയി, പാടശേഖര സമിതി അംഗങ്ങളായ പോൾ ഡേവീസ്, സി.പി. ജോസ്, സജി ജോസഫ് കൃഷി ഓഫീസർ ഓമനക്കുട്ടൻ തുടങ്ങിയവർ കൃഷി പദ്ധതിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.
30 വർഷത്തെ പാട്ടക്കരാർ
ആലപ്പുഴയിലുള്ള കർഷക സംഘവുമായുണ്ടാക്കിയ 30 വർഷത്തെ പാട്ടക്കരാറനുസരിച്ചാണ് ഇപ്പോൾ കൃഷി ഇറക്കുന്നത്. മാലിന്യങ്ങളും പുല്ലും നിറഞ്ഞ് ഈ പ്രദേശത്തെ സ്വാഭാവിക നീരൊഴുക്കിനും പരിസ്ഥിതിയ്ക്കും വിഘാതമായി നിലനിന്നിരുന്ന നൂറ് ഏക്കർ പാടത്ത് കൃഷിയിറക്കുന്നത്.
100 ഏക്കർ പാടശേഖരത്ത് നഗരസഭ നടപ്പിലാക്കുന്ന വിപ്ലകരമായൊരു കാർഷിക മുന്നേറ്റമാണിത്.
മാത്യു തോമസ് , ചെയർമാൻ