
കൊച്ചി: നവകേരള സദസിന്റെ നടത്തിപ്പിനായി ജില്ലാ കളക്ടർമാരും ജില്ലാ ഭരണകൂടവും പരസ്യങ്ങളിലൂടെ പണം കണ്ടെത്തണമെന്ന ഒക്ടോബർ 27ലെ സർക്കാർ നിർദ്ദേശം ഹൈക്കോടതി സ്റ്റേ ചെയ്തു. ഉത്തരവ് നിയമവിരുദ്ധമാണെന്നാരോപിച്ച് പത്തനംതിട്ട മലയാലപ്പുഴ സ്വദേശി ജോളിമോൻ കാലായിൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി. ഹർജി ഇന്നു വീണ്ടും പരിഗണിക്കും.
സദസിന്റെ നടത്തിപ്പു ചുമതല കളക്ടർമാർക്കും ജില്ലാ ഭരണകൂടത്തിനും നൽകിക്കൊണ്ടുള്ള ഉത്തരവ് ഒന്നാകെ സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരന്റെ ഇടക്കാല ആവശ്യം അതേപടി അനുവദിക്കാൻ കഴിയില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. എന്നാൽ ഫണ്ട് ശേഖരിക്കാനും അക്കൗണ്ട് ചെയ്യാനും വ്യക്തമായ മാർഗ നിർദ്ദേശങ്ങളില്ലാത്തതിനാൽ
അതുമാത്രം അനുവദിക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി.
പരസ്യങ്ങളിലൂടെയും മറ്റും ഫണ്ട് സമാഹരിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നതെന്ന് സർക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്‌ണക്കുറുപ്പ് വിശദീകരിച്ചു. ഇങ്ങനെ ഫണ്ട് ശേഖരിക്കുന്നതിന് മാർഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടോയെന്ന് ഡിവിഷൻ ബെഞ്ച് ചോദിച്ചു. സ്പോൺസർമാരെ കണ്ടെത്താൻ കളക്ടർമാർ ജനപ്രതിനിധികളുമായും ഉയർന്ന ഉദ്യോഗസ്ഥരുമായും ചർച്ച നടത്തണമെന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നു. സിവിൽ സർവീസ് ഉദ്യോഗസ്ഥരെ ഇത്തരത്തിൽ പണം പിരിക്കാൻ നിയോഗിക്കുന്നത് അഖിലേന്ത്യ സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് ഹർജിക്കാരന്റെ വാദം.