ആലങ്ങാട് : ആലുവ പറവൂർ റൂട്ടിൽ കെ.എസ് .ആർ ടി സി ബസിൽ വീണ്ടും മോഷണം.കരുമാല്ലൂർ പുതുക്കാട് സ്വദേശിനിയുടെ എട്ടു പവനോളം വരുന്ന സ്വർണാഭരണമാണ് ഇന്നലെ കവർന്നത്.തിങ്കളാഴ്ച രാവിലെ തട്ടാൻപടിയിലുള്ള കരുമാല്ലൂർ യൂണിയൻ ബാങ്ക് ശാഖയിൽ പണയംവച്ചിരുന്ന സ്വർണാഭരണങ്ങൾ തിരികെയെടുക്കാൻ വന്നതായിരുന്നു യുവതി. പണമടച്ച് തിരികെയെടുത്ത ആഭരണങ്ങൾ ബാഗിൽവച്ചശേഷം ബസിൽകയറി പറവൂരിലേക്കുപോയി അക്കൗണ്ടന്റായ യുവതി ഓഫീസിലെത്തി ബാഗ് തുറന്നുനോക്കിയപ്പോഴാണ് സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ട വിവരമറിയുന്നത്. പറവൂർ പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് സി.സി.ടി.വി. ക്യാമറാദൃശ്യങ്ങൾ പരിശോധിച്ചു. യുവതി സ്വർണവുമായി പുറത്തേക്കിറങ്ങിയതായി മാത്രമേ കാണാൻ കഴിഞ്ഞിട്ടുള്ളൂ. അതുകൊണ്ടാണ് ബസിൽവച്ചാണ് മോഷണം നടന്നിരിക്കുന്നതെന്ന നിഗമനത്തിലെത്തിയിരിക്കുന്നത്.
കഴിഞ്ഞദിവസം ആലുവയിൽനിന്നും തട്ടാംപടിയിൽ വന്നിറങ്ങിയ വീട്ടമ്മയുടെ 10000 രൂപ നഷ്ടപ്പെട്ടിരുന്നു. ഏതാനും ആഴ്ചകൾക്കു മുൻപ് കെ.എസ് .ആർ ടി സി ബസിൽ യാത്രക്കാരിയുടെ സ്വർണമാല മോഷ്ടിക്കാൻ ശ്രമിച്ച രണ്ട് നാടോടികളെ യാത്രക്കാർ ഓടിച്ചിട്ടുപിടിച്ച് പൊലീസിലേൽപ്പിച്ചിരുന്നു.