ആലങ്ങാട്: കൃഷിക്കൊപ്പം കളമശേരി പദ്ധതിയുടെയും കൃഷി വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെയും സംയുക്ത സംരംഭമായി ആലങ്ങാടൻ ശർക്കര വീണ്ടും എത്തുന്നു. ആലങ്ങാട് സഹകരണ ബാങ്ക്, കൃഷി ഭവൻ, എറണാകുളം കൃഷി വിജ്ഞാൻ കേന്ദ്ര, കൃഷി വകുപ്പ് ആത്മ ആലങ്ങാട് ബ്ലോക്ക് എന്നിവയുടെ സഹകരണത്തോടെ നീറിക്കോട്, കൊങ്ങോർപ്പിള്ളി, തിരുവാലൂർ എന്നിവിടങ്ങളിൽ ആറ് ഏക്കറിലാണ് കരിമ്പ് കൃഷി ചെയ്യുന്നത്.

കൊടുവഴങ്ങയിൽ രണ്ട് ഏക്കർ സ്ഥലത്ത് കൃഷി ആരംഭിക്കുന്നതിനുള്ള പ്രാരംഭഘട്ട പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു.ശർക്കര നിർമ്മാണ യുണിറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കും കഴിഞ്ഞ ദിവസം തുടക്കമായി. അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് പ്രോജക്ടി​ന്റെ ഭാഗമായി സഹകരണ ബാങ്കുകൾക്ക് ലഭിക്കുന്ന ഫണ്ട് വിനിയോഗിച്ചാണ് ആലങ്ങാട് സഹകരണ ബാങ്കിൽ ശർക്കര നിർമ്മാണ യൂണിറ്റ് യാഥാർത്ഥ്യമാകുന്നത്.
35 ലക്ഷം രൂപ മുതൽമുടക്കി നിർമ്മിക്കുന്ന യൂണിറ്റിന്റെ നിർമ്മാണം രണ്ടുമാസത്തിനുള്ളിൽ പൂർത്തീകരിക്കും. 2024 ഓടെ ആലങ്ങാടൻ ശർക്കര വിപണിയിൽ സജീവമാകുമെന്നാണ് പ്രതീക്ഷ.