കൊച്ചി: കലൂർ- കടവന്ത്ര റോഡിന് ശ്രീനാരായണഗുരുവിന്റെ പേരു നൽകാനുള്ള തീരുമാനത്തിൽനിന്ന് പിന്നോട്ടില്ലെന്ന് മേയർ അഡ്വ.എം. അനിൽകുമാർ പറഞ്ഞു. ആലോചിച്ചെടുക്കുന്ന തീരുമാനങ്ങളിൽനിന്ന് പിന്നോട്ടുപോകുന്ന ശീലം തനിക്കില്ല. കേരളകൗമുദി ഏജന്റുമാരെ ആദരിക്കാൻ കലൂർ ആസാദ് റോഡിലെ ഗുരുദേവക്ഷേത്രം ഹാളിൽ സംഘടിപ്പിച്ച പത്രാധിപരുടെ കുഞ്ഞുങ്ങൾക്ക് ആദരം ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗുരുദേവന്റെ പേര് നൽകുന്നതിനെതിരെ ചിലർ കോടതിയെ സമീപിച്ചതിനാലാണ് നൽകാൻ കഴിയാത്തത്. എല്ലാത്തിലും സമുദായം കാണുന്ന ചിലരാണ് കേസിന് പിന്നിൽ. അനുകൂലമായ ഉത്തരവ് കോടതിയിൽ നിന്നുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ.

ഗുരുദേവന്റെ പേരിലുള്ള പ്രഭാഷണപരമ്പരയിലെ അടുത്തത് ജനുവരിയിൽ സംഘടിപ്പിക്കും. മുൻ ചീഫ് സെക്രട്ടറിയും ഗാനരചയിതാവുമായ കെ. ജയകുമാർ പ്രഭാഷണം നടത്തും.

പഠനകാലത്ത് പത്രവിതരണക്കാരനായിരുന്ന കാലവും മേയർ ഓർമ്മിച്ചു. ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് സ്വന്തം ചെലവിന് വകകണ്ടെത്താൻ പത്രമിടാൻ ആരംഭിച്ചത്. നിരവധി വീടുകളിൽ ദീർഘകാലം പത്രമിട്ടു. മഴനനഞ്ഞും മറ്റും ഏജന്റുമാർ പത്രമിടുന്നതിന്റെ വിഷമതകൾ അനുഭവിച്ചിട്ടുണ്ട്. പത്രമിടുന്നതിനിടെ പട്ടിഓടിച്ചതുൾപ്പെടെ ഒത്തിരി കഥകൾ പറയാനുണ്ട്. പത്രഏജന്റുമാരുമായി ഇപ്പോഴും അടുത്ത സൗഹൃദം സൂക്ഷിക്കാൻ കഴിയുന്നത് അവർ ചെയ്യുന്ന സേവനം അടുത്തറിഞ്ഞതിനാലാണ്.

കേരളസമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തിയ പത്രമാണ് കേരളകൗമുദി. പത്രാധിപരുടെ പത്രമെന്ന് കാലം വിശേഷിപ്പിച്ച കേരളകൗമുദി ഏജന്റുമാരെ ആദരിക്കുന്നത് വലിയ കാര്യമാണ്. സാധാരണപത്രമല്ല, സമൂഹത്തോടുള്ള ഉത്തരവാദിത്വം നിർവഹിക്കുന്ന പത്രമാണ് കേരളകൗമുദി. മേയർ എന്ന നിലയ്ക്ക് തനിക്ക് വലിയ പിന്തുണ കേരളകൗമുദി നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സത്യം പറയുന്ന പത്രം:

മഹാരാജാ ശിവാനന്ദൻ

സത്യസന്ധമായ പത്രപ്രവർത്തനം നടത്തുന്നതിനാലാണ് കേരളകൗമുദിക്ക് 112 വർഷം പിന്നിട്ടും നിർഭയമായി പ്രവർത്തിക്കാൻ കഴിയുന്നതെന്ന് എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ പറഞ്ഞു. ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയമൊന്നും നോക്കാതെ സത്യംമാത്രം പറയുന്നതാണ് കാലങ്ങളായി കേരളകൗമുദിയുടെ ശീലം. സമൂഹത്തിന്റെ പ്രശ്നങ്ങളിലും ദുർബലവിഭാഗങ്ങളുടെ ആവശ്യങ്ങളിലും ഉറച്ച ശബ്ദമാണ് കേരളകൗമുദിയെന്ന് അദ്ദേഹം പറഞ്ഞു.

രവീന്ദ്രൻ എം.എൽ (കളമശേരി ), രവീന്ദ്രൻ കെ.എസ്. (കുമ്പളം ), സിബു പി. സുധൻ (വൈറ്റില, പൊന്നുരുന്നി ), ഗോപാലകൃഷ്ണൻ സി.കെ (ലൂർദ്ദ് ഹോസ്‌പിറ്റൽ), സീലിയ തമ്പി, തമ്പി (പൊറ്റക്കുഴി) എന്നിവർക്ക് മേയർ എം. അനിൽകുമാർ മെമന്റോ കൈമാറി. ചടങ്ങിൽ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് എം.എസ്. സജീവൻ അദ്ധ്യക്ഷത വഹിച്ചു.

എസ്.എൻ.ഡി.പി യോഗം കലൂർ സൗത്ത് ശാഖാ പ്രസിഡന്റ് പി.ഐ. തമ്പി സംസാരിച്ചു. കേരളകൗമുദി സർക്കുലേഷൻ മാനേജർ വി. പുഷ്‌കരൻ സ്വാഗതവും അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ പാർത്ഥസാരഥി നന്ദിയും പറഞ്ഞു.