kurbana
കുർബാനത്തർക്കം:

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പാക്കുന്നത് സംബന്ധിച്ച് മാർപ്പാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസിൽ നടത്തുന്ന ചർച്ച അന്തിമഘട്ടത്തിലെത്തി. അടുത്തയാഴ്ച മാർപ്പാപ്പയ്ക്ക് സിറിൽ വാസിൽ റിപ്പോർട്ട് സമർപ്പിക്കും.

നാലു ദിവസവങ്ങളായി 16 ഫൊറോനകളിലെയും വൈദികരുമായും ഇടവക കൈക്കാരന്മാർ, വൈസ് ചെയർമാൻമാർ, സംഘടനാ പ്രസിഡന്റുമാർ, പാസ്റ്ററൽ കൗൺൺസിൽ സെക്രട്ടറി, മുൻ സെക്രട്ടറിമാർ, ബസിലിക്ക പാരിഷ് കൗൺസിൽ, വനിതാ പ്രതിനിധികൾ എന്നിവരുമായി സിറിൽ വാസിലും അഡ്മിനിസ്‌ട്രേറ്റർ ആർച്ച് ബിഷപ്പ് ബോസ്‌കോ പുത്തൂരും കൂടിക്കാഴ്ച നടത്തി. ഇന്നലെ രാവിലെ അൽമായ മുന്നേറ്റവുമായും രാത്രി വൈദിക അഡ്‌ഹോക് കമ്മിറ്റിയുമായും ചർച്ച നടത്തി.

കുർബാനപ്രശ്‌നത്തിൽ കൂട്ടിച്ചേർക്കൽ നടത്തിയ സിനഡ് തീരുമാനം സസ്‌പെൻഡ് ചെയ്യണമെന്ന് അൽമായ മുന്നേറ്റം അതിരൂപത സമിതി ചർച്ചയിൽ ആവശ്യപ്പെട്ടു.

ഏകീകൃത കുർബാന അടിച്ചേൽപ്പിച്ചാൻ പ്രതിരോധിക്കുമെന്നും അറിയിച്ചതായി വക്താവ് റിജു കാഞ്ഞൂക്കാരൻ അറിയിച്ചു.

ബസലിക്ക തുറക്കാൻ സംഗമം

കുർബാനവിവാദത്തിൽ ഒരുവർഷമായി അടച്ചിട്ടിരിക്കുന്ന സെൻറ് മേരീസ് ബസലിക്കാ കത്തീഡ്രൽ ക്രിസമസിനു മുമ്പ് വിശ്വാസികൾക്ക് തുറന്നുകൊടുക്കണമെന്ന് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ കേന്ദ്രസമിതി ആവശ്യപ്പെട്ടു.

കത്തീഡ്രൽ അടച്ചിട്ട പോലീസിന്റെ നടപടി പക്ഷപാതപരമാണ്. ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് അനുരഞ്ജനത്തിലൂടെ പ്രശ്‌നം പരിഹരിക്കണം. ഇക്കാര്യം ഉന്നയിച്ച് 22ന് എറണാകുളം വഞ്ചിസ്‌ക്വയറിൽ പ്രതിഷേധസംഗമം നടത്താൻ കൗൺസിൽ യോഗം തീരുമാനിച്ചു.

പ്രസിഡന്റ് അഡ്വ. ഹൊർമിസ് തരകൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഫെലിക്‌സ് ജെ. പുല്ലൂടൻ, തോമസ് മാത്യു, അഡ്വ. വർഗീസ് പറമ്പിൽ, ലോനൻ ജോയ്, ആന്റോ കൊക്കാട്ട്, ലോനപ്പൻ കോനുപറമ്പൻ, ജോൺ പുളിന്താനം, സ്റ്റാൻലി പൗലോസ്, തുടങ്ങിയവർ സംസാരിച്ചു.