നെടുമ്പാശേരി: റദ്ദാക്കിയ ടിക്കറ്റുമായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കയറിയ തൃശൂർ വടക്കേക്കാട് സ്വദേശി ഫൈസൽ ബിൻ മുഹമ്മദ് പിടിയിലായി.

ഖത്തർ എയർവേയ്‌സിൽ ദോഹയ്ക്ക് പോകുന്നതിന് ഇയാൾ നേരത്തെ ടിക്കറ്റെടുത്തിരുന്നു. എന്നാൽ പിന്നീട് റദ്ദുചെയ്തു. എന്നാൽ ഈ ടിക്കറ്റ് കാണിച്ചാണ് അകത്തുകടന്നത്. ദോഹയ്ക്ക് പോകേണ്ടിയിരുന്ന കുടുംബാംഗങ്ങളെ വിമാനത്താവള ടെർമിനലിനകത്ത് സഹായിക്കുന്നതിനാണ് ഇയാൾ നിയമവിരുദ്ധമായി അകത്തുകടന്നത്. ഓൺലൈനിലൂടെയാണ് റദ്ദാക്കുന്നതെന്നതിനാൽ വിമാനക്കമ്പനിയുടെ കൗണ്ടറിൽ പരിശോധിക്കുമ്പോഴേ വിവരം മറ്റുള്ളവർ അറിയുകയുള്ളു. പ്രതിയെ നെടുമ്പാശേരി പൊലീസിന് കൈമാറി.