കൊച്ചി: നെടുമ്പാശേരി എയർപോർട്ടുവഴി ഇന്ത്യയിലേക്ക് അഞ്ചുകോടി രൂപയുടെ കൊക്കെയ്ൻ കടത്താൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ വെനിസ്വേലക്കാരനായ പ്രതിയെ കോടതി വെറുതെവിട്ടു. വെനിസ്വേലയിൽനിന്ന് കൊക്കെയ്‌ൻ കടത്താൻ ശ്രമിച്ച കേസിൽ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റുചെയ്ത വിക്ടർ ഡേവിഡ് റൊമേറോ ഇൻഫാന്റെയായാണ് എറണാകുളം അഡി. സെഷൻസ് കോടതി വെറുതെവിട്ടത്.
അന്താരാഷ്ട്ര വിപണിയിൽ അഞ്ചുകോടിയോളം വിലവരുന്ന കൊക്കെയ്‌നുമായി വിക്ടർ ഡേവിഡ് റൊമേറോ പിടിയിലായത് 2018 സെപ്തംബർ ഒന്നിനാണ്. ഇയാളിൽനിന്ന് പിടിച്ചെടുത്ത വസ്തു സാമ്പിൾ പരിശോധനയ്ക്ക് ലാബിലേക്ക് അയച്ചത് നടപടിക്രമങ്ങൾ പാലിച്ചായിരുന്നില്ല. ഇതിനാൽ കുറ്റം സംശയാതീതമായി തെളിയിക്കാൻ നർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് കഴിഞ്ഞില്ലെന്നു വിലയിരുത്തിയാണ് കോടതി വെറുതെവിട്ടത്. സാമ്പിൾ ശേഖരിച്ച് ലാബിലേക്ക് അയക്കുന്നതിൽ അന്വേഷണസംഘത്തിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. ഇതു ശരിവച്ചാണ് കോടതി വിധി പറഞ്ഞത്.