അങ്കമാലി: നഗരസഭാ പരിധിയിലുള്ള തൊഴിലുറപ്പ് തൊഴിലാളികൾക്ക് കുടിശികയായിരുന്ന തൊഴിലുറപ്പ് വേതനം നഗരസഭ വിതരണം ചെയ്തു. സർക്കാരിന്റെ സാമ്പത്തിക ക്ലേശങ്ങൾ കാരണം കഴിഞ്ഞ മൂന്നുമാസത്തെ വേതനം കുടിശികയായതിനാൽ മുനിസിപ്പാലിറ്റികളിൽ തനത് ഫണ്ട് ലഭ്യമാണെങ്കിൽ തുക നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വേതന വിതരണം നടത്തിയത്. ക്രിസ്മസ് പ്രമാണിച്ച് ഒരു ആശ്വാസം എന്ന നിലയിൽ കുടിശിക തുകയുടെ പകുതി ഒന്നാം ഗഡുവായി നഗരസഭ വിതരണം ചെയ്തതെന്ന് ചെയർമാൻ മാത്യു തോമസ് അറിയിച്ചു. ഓരോ വാർഡിലെയും മുഴുവൻ തുകയും അതത് വാർഡുകളിലെ തൊഴിലുറപ്പ് മേറ്റുമാർ കൈപ്പറ്റി. നഗരസഭാ വൈസ് ചെയർപേഴ്‌സൺ റീത്ത പോൾ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ബാസ്റ്റിൻ ഡി. പാറക്കൽ, സാജു നെടുങ്ങാടൻ, ലിസി പോളി, റോസിലി തോമസ്, ലക്‌സി ജോയി തുടങ്ങിയവർ സംസാരിച്ചു.