elderly
പോക്കുവെയിൽ' യാത്ര ഇന്ന്

കൊച്ചി: വീടുകളിൽ തനിച്ചുകഴിയുന്ന വയോജനങ്ങൾക്ക് സെന്റ് ആൽബർട്സ് കോളേജ് ഒരുക്കുന്ന 'പോക്കുവെയിൽ വർത്തമാനങ്ങൾ' എന്ന പ്രാദേശിക ഉല്ലാസയാത്ര ഇന്ന് ഉച്ചയ്ക്ക് 2ന് ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. അസി. കളക്ടർ നിഷാന്ത് സിഹാര ഫ്ലാഗ് ഓഫ് ചെയ്യും.

കോളേജിലെ വിവിധ വകുപ്പുകൾ തിരഞ്ഞെടുത്ത 50 വയോജനങ്ങൾക്കാണ് അവസരം. 50 ഓട്ടോറിക്ഷകളിലായി ബീച്ച്, പള്ളി, അമ്പലം, മറൈൻഡ്രൈവ്, ലുലുമാൾ, സിനിമ തിയേറ്റർ തുടങ്ങി ഇഷ്ടപ്പെടുന്ന ഒരു സ്ഥലത്ത് കൊണ്ടുപോയി കാണിച്ചശേഷം തിരികെ വീട്ടിലെത്തിക്കും. യാത്രാചെലവ് പൂർണമായും കോളേജ് വഹിക്കും. ഓരോ വാഹനത്തിലും വയോജനങ്ങൾക്ക് കൂട്ടായി ഓരോ വിദ്യാർത്ഥിയുമുണ്ടാകും. കോളേജിന്റെ സോഷ്യൽ ഔട്ട് റീച്ച് പ്രോഗ്രാമിന്റെ ഭാഗമായാണ് പരിപാടി.

ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടിയിൽ സൗജന്യഭവന നിർമ്മാണം, കോളേജിലെ വിദ്യാർത്ഥികളുടെ ഭവന സന്ദർശനം, സ്കൂൾ ദത്ത് എടുക്കൽ, പാവപ്പെട്ട രോഗികളെ സഹായിക്കാൻ മെഡിസിൻ, ഡയപ്പർ ബാങ്ക്, വെല്ലുവിളികളെ അതിജീവിച്ച വനിതകളെ ആദരിക്കുന്ന സ്നേഹാദരം, വനിതാ സംരംഭകരുടെ ഉത്പന്ന പ്രദർശനം, മാലിന്യം വലിച്ചെറിയുന്ന പൊതുസ്ഥലങ്ങൾ വൃത്തിയാക്കി പൂന്തോട്ടം നിർമ്മിക്കുന്ന സ്നേഹാരാമങ്ങൾ, ഭിന്നശേഷിക്കാർക്ക് നൈപുണ്യ പരിശീലനം, ഒരോ വിദ്യാർത്ഥിയും ഓരോ വിള കൃഷിചെയ്യുന്ന ജൈവികം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കോളേജ് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മാനേജർ ഡോ. ആന്റണി തോപ്പിൽ, പ്രിൻസിപ്പൽ ഡോ. വി.എം. ബിജോയ്, ഔട്ട് റീച്ച് പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. എം.സി. ഫ്രാൻസിസ്, പി.ആർ.ഒ. ഡോ. സ്വേത, ഫാ. ജയിംസ്, ഡോ. ജിതിൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.