hc

കൊച്ചി: ശബരിമലയിലെത്തുന്ന അന്യസംസ്ഥാന തീർത്ഥാടകരിൽ നിന്ന് ഭക്ഷണത്തിന് അമിതവില ഈടാക്കുന്ന കരാറുകാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി. ലീഗൽ മെട്രോളജി വകുപ്പിനെ ഇതിനായി ഹർജിയിൽ കക്ഷി ചേർത്തു. ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന ഹർജികളിൽ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് നിർദ്ദേശം.

സന്നിധാനം, പമ്പ, എരുമേലി, നിലയ്ക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തി ജില്ലാ കളക്ടർമാർ നിശ്ചയിച്ച വിലയാണ് ഈടാക്കുന്നതെന്ന് ഉറപ്പാക്കണം. കോട്ടയം ജില്ലയിലെ കടകളിലും പരിശോധന വേണം. സ്ഥാപനങ്ങൾ അമിതവില ഈടാക്കുന്നതായി കണ്ടെത്തിയാൽ തദ്ദേശ സ്ഥാപനങ്ങളെയും ദേവസ്വം ബോർഡിനെയും അറിയിക്കുകയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു.

ഹർജിയിൽ റാന്നി - പെരുന്നാട് പഞ്ചായത്തിനെ കക്ഷി ചേർത്തിരുന്നെങ്കിലും ആരും ഹാജരായില്ല. അതേസമയം ഇക്കാര്യത്തിൽ നടപടിയെടുക്കുമെന്ന് എരുമേലി പഞ്ചായത്ത് ഉറപ്പു നൽകി. സന്നിധാനത്തെ അണ്ടർപാസ് വൃത്തിയാക്കുമെന്നും മണ്ഡല മകരവിളക്ക് ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിംഗ് തുടങ്ങിയെന്നും ദേവസ്വം ബോർഡ് അറിയിച്ചു. സന്നിധാനത്തെ തിരക്ക് അടിസ്ഥാനമാക്കി സ്പോട്ട് ബുക്കിംഗിൽ മാറ്റം വരുത്താൻ ഹൈക്കോടതി അനുമതി നൽകി.