milma

കൊച്ചി: മിൽമ തിരുവനന്തപുരം റീജിയണൽ ക്ഷീരോത്പാദക യൂണിയൻ ഭരണസമിതിയിലേക്ക് നടത്തിയ തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കാൻ ഹൈക്കോടതി അനുമതിനൽകി. അഡ്‌മിനിസ്ട്രേറ്റർ ഭരണത്തിലുള്ള ക്ഷീരസഹകരണ സംഘങ്ങളുടെ വോട്ടുകൾകൂടി പരിഗണിച്ച് ഫലം പ്രഖ്യാപിക്കാനാണ് ജസ്റ്റിസ് അനു ശിവരാമൻ, ജസ്റ്റിസ് സി. പ്രദീപ്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് അനുമതി നൽകിയത്.

അഡ്‌മിനിസ്ട്രേറ്റർ ഭരണത്തിലുള്ള ക്ഷീരസഹകരണ സംഘങ്ങളുടെ വോട്ടുകൾ പരിഗണിക്കാതെ വോട്ടെണ്ണാൻ നേരത്തെ സിംഗിൾബെഞ്ച് അനുമതി നൽകിയിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാരും മിൽമയും നൽകിയ അപ്പീലുകളിലാണ് ഡിവിഷൻബെഞ്ചിന്റെ വിധി. പ്രാഥമിക ക്ഷീരസഹകരണ സംഘങ്ങളുടെ പ്രസിഡന്റുമാർക്ക് മാത്രമേ യൂണിയന്റെ പൊതുയോഗത്തിൽ പങ്കെടുക്കാനാവൂ എന്ന സഹകരണ നിയമഭേദഗതി കണക്കിലെടുത്ത് അഡ്‌മിനിസ്ട്രേറ്റർ ഭരണമുള്ള സംഘങ്ങളുടെ വോട്ടുകൾ പരിഗണിക്കാനാവില്ലെന്നായിരുന്നു സിംഗിൾബെഞ്ച് വിധിച്ചത്. എന്നാൽ ഈ നിയമഭേദഗതി പൊതുയോഗത്തിന് മാത്രമാണ് ബാധകമെന്ന് സഹകരണ നിയമത്തിലെ സെക്ഷൻ 28 (8)ലെ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി ഡിവിഷൻബെഞ്ച് വ്യക്തമാക്കി. തുടർന്നാണ് അഡ്‌മിനിസ്ട്രേറ്റീവ് ഭരണം നിലവിലുള്ള സംഘങ്ങളുടെ വോട്ടുകൾകൂടി പരിഗണിച്ച് ഫലം പ്രഖ്യാപിക്കാൻ ഡിവിഷൻബെഞ്ച് അനുമതി നൽകിയത്.

978 സംഘങ്ങളുൾപ്പെട്ട യൂണിയനിലേക്ക് കഴിഞ്ഞവർഷമാണ് ഇലക്ഷൻ നടന്നത്. ഇതിൽ 58 സൊസൈറ്റികളിൽ അഡ്മിനിസ്ട്രേറ്റർ ഭരണമാണെന്നും 23 സംഘങ്ങൾ യൂണിയന്റെ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ളതാണെന്നും ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പിനെതിരെ കല്ലട രമേശ് ഉൾപ്പെടെയുള്ളവർ ഹൈക്കോടതിയെ സമീപിച്ചതും സിംഗിൾബെഞ്ചിൽനിന്ന് അനുകൂല ഉത്തരവ് വാങ്ങിയതും. എന്നാൽ ആ ഉത്തരവ് തിരുത്തിയാണ് ഡിവിഷൻബെഞ്ചിന്റെ വിധി.