
#തിരുവൈരാണിക്കുളം ക്ഷേത്രം തുറക്കുന്നതോടെ യാത്രക്കാരുടെ തിരക്കേറും
#കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവീസ് 26 മുതൽ ജനുവരി ആറ് വരെ
ആലുവ: ആലുവ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് നവീകരണം നീളുന്നത് യാത്രക്കാരെ വലക്കുന്നു. അഞ്ച് വർഷത്തിലേറെയായി സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക് മൂത്രമൊഴിക്കാൻ പോലും സൗകര്യമില്ല. തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവം ആരംഭിക്കുന്നതോടെ ഇവിടെയെത്തുന്ന യാത്രാക്കാർ ഇരട്ടി ദുരിതത്തിലാകും.
നടതുറപ്പ് മഹോത്സവ കാലയളവിൽ ബഹുഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമായിരിക്കും ആലുവയിലെത്തുക. ശൗചാലയമില്ലാത്തത് സ്ത്രീ യാത്രക്കാരെ വലക്കും. സ്റ്റാൻഡിൽ ഇ ടോയ്ലെറ്റ് സ്ഥാപിച്ച് പ്രതിസന്ധി പരിഹരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
നിലവിൽ സ്റ്റാൻഡിലെത്തുന്ന സ്ത്രീകളും കുട്ടികളുമെല്ലാം സമീപത്തെ ഹോട്ടലുകളെയാണ് ആശ്രയിക്കുന്നത്. കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർമാരും കണ്ടക്ടറും മെക്കാനിക്കുകൾക്കായി സ്ഥാപിച്ചിട്ടുള്ള ശൗചാലയം ഉപയോഗിക്കുന്നതിനാൽ ആശ്വാസത്തിലാണ്.
ജനുവരി 30നകം
പൂർത്തിയാക്കും
ജനുവരി 30നകം നവീകരണം പൂർത്തീയാക്കുമെന്നാണ് ഒടുവിൽ പ്രഖ്യാപിച്ചിട്ടുള്ളത്. നവംബർ 30നകം പൂർത്തിയാക്കി ഡിസംബർ ആദ്യവാരം ഉദ്ഘാടനം ചെയ്യാനാണ് നേരത്തെ തീരുമാനിച്ചത്. അൻവർ സാദത്ത് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ വീണ്ടും ഉദ്യോഗസ്ഥ - കരാർ അധികൃതരുടെ യോഗം വിളിച്ചാണ് ജനുവരി 30 വരെ സമയം ദീർഘിപ്പിച്ചത്. അതിന് ശേഷം നവീകരണ ജോലികൾ വേഗത്തിലാണ്. ഫ്ളോറിംഗ് കോൺക്രീറ്റിംഗും മാലിന്യ സംസ്കരണ സംവിധാനവുമാണ് ഇനിയും പൂർത്തിയാകാനുള്ളത്. ഇനിയും നിർമ്മാണം നീണ്ടാൽ സമരത്തിന് നേരിട്ട് നേതൃത്വം നൽകുമെന്നാണ് എം.എൽ.എയുടെ മുന്നറിയിപ്പ്.
തിരുവൈരാണിക്കുളം
സ്പെഷ്യൽ സർവീസ് 26 മുതൽ
തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവം പ്രമാണിച്ചുള്ള സ്പെഷ്യൽ സർവീസ് 26 മുതൽ ജനുവരി ആറ് വരെ നടത്തും. വിവിധ ഡിപ്പോകളിൽ നിന്നായി 10 ബസുകൾ സ്പെഷ്യൽ സർവീസിനായി എത്തിക്കും. അത്യാവശ്യഘട്ടങ്ങളിൽ ആലുവ ഡിപ്പോയിലെ ബസുകളും ഉപയോഗിക്കും. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥരുടെ ആലോചന യോഗം ഇന്ന് ഉച്ചക്ക് രണ്ടിന് അസി. ക്ളസ്റ്റർ ഓഫീസറുടെ കാര്യാലയത്തിൽ നടക്കും.