
മൂവാറ്റുപുഴ: വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് ആട്ടായം - കുറ്റിക്കാട്ട്ച്ചാലിപ്പടി റോഡിൽ 3.5 കിലോമീറ്റർ ഭാഗത്തെ നിർമ്മാണത്തിന് തുടക്കമായി. കഴിഞ്ഞ സർക്കാറിന്റ കാലത്താണ് റീബിൽഡ് കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മൂവാറ്റുപുഴ നഗരസഭയിലെ കീച്ചേരിപ്പടിയിൽ നിന്ന് ആരംഭിച്ച്പായിപ്ര ഗ്രാമപഞ്ചായത്തിലെ -ആട്ടായം - കുറ്റിക്കാട്ട് ചാൽപ്പടിയിലെ മുളവൂരിൽ എത്തിച്ചേരുന്ന 8 കിലോമീറ്റർ റോഡിൽ മുളവൂർ മേഖലയിൽ വരുന്ന 3.5കിലോമീറ്റർ റോഡിന് 3.50- കോടി രൂപ അനുവദിച്ചത്.
ബി.എം. ബി.സി. നിലവാരത്തി നിർമിക്കാനാണ് തുക അനുവദിച്ചത്. ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയായങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. റോഡ് തകർന്ന് കാൽനടയാത്ര പോലും ദുസഹമായതോടെ ഉയർന്ന പ്രതിക്ഷേധങ്ങളെ തുടർന്ന് നാല് മാസം മുമ്പ് പായിപ്ര പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് അടുത്ത ദിവസം തന്നെ നിർമ്മാണം ആരംഭിക്കാൻ തീരുമാനമെടുത്തെങ്കിലും നടപ്പായില്ല. റോഡ് നിർമ്മിക്കാൻ ടെൻഡർ നടപടികളും പൂർത്തിയായെങ്കിലും 'ഇലക്ട്രിക് പോസ്റ്റുകളും മറ്റും മാറ്റിസ്ഥാപിച്ചശേഷം ഉടൻ റോഡ് നിർമാണം ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതും നടപ്പിലായില്ല.
മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ പ്രധാന റോഡുകളിലൊന്നായ റോഡ് 1985 ൽ നാട്ടുകാരുടെ ശ്രമഫലമായാണ് നിർമ്മിച്ചത്. മുളവൂർനിവാസികൾക്ക് എളുപ്പത്തിൽ മൂവാറ്റുപുഴയിൽ എത്തിചേരാൻ കഴിയുന്ന റോഡ് പിന്നീട് ജില്ലാപഞ്ചായത്തിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും നഗരസഭയുടെയുംഅധീനതയിലായതോടെ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനാകാതെ കിടക്കുകയായിരുന്നു. റോഡിന്റെ അറ്റകുറ്റപ്പണികളെ അടക്കം ഇത് ബാധിച്ചിരുന്നു.