
ആലുവ: സൂപ്പർസ്റ്റാർ മമ്മൂട്ടി മുൻകൈയെടുത്ത് നടത്തുന്ന
'ഹൃദ്യം' ജീവകാരുണ്യ പദ്ധതിയിലൂടെ തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി ശ്രീകുമാറിന്റെ ഭാര്യ ബിന്ദുവിന് ഏഴുലക്ഷത്തോളംരൂപ ചെലവുള്ള വാൽവ് മാറ്റിവയ്ക്കൽ ആലുവ രാജഗിരി ആശുപത്രിയിൽ സൗജന്യമായി ചെയ്തു. ചെലവ് മുഴുവൻ ആശുപത്രി അധികൃതർ വഹിക്കുകയായിരുന്നു. ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണലും രാജഗിരി ആശുപത്രിയുമാണ് 'ഹൃദ്യം' പദ്ധതി നടപ്പാക്കുന്നത്.
ശ്രീകുമാർ സ്‌ട്രോക്കുവന്ന് ഒരുവശം തളർന്ന അവസ്ഥയിൽനിന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിനിടയിലാണ് ഭാര്യയും രോഗിയായത്. ശ്വാസംമുട്ടലും കിതപ്പും കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ബിന്ദു അഡ്മിറ്റായി. ഹൃദയ വാൽവിൽ ചോർച്ചയും ചുരുക്കവും കണ്ടെത്തി. വാൽവ് മാറ്റിവയ്ക്കുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു.
സ്‌ട്രോക്കിനുശേഷം പെയിന്റിംഗ് ജോലിക്കുപോലും പോകാൻ കഴിയാത്ത ശ്രീകുമാറിന് പണം കണ്ടെത്താൻ കഴിഞ്ഞില്ല.
പരിചയക്കാരൻ വലിയവിള സ്വദേശി അഡ്വ. അനിൽ വി. നാഗേന്ദ്രൻ മുഖേന മുൻമന്ത്രി ജോസ് തെറ്റയിലിനെ കണ്ടു. ലാ കോളേജിൽ തന്റെ ജൂനിയറായിരുന്ന മമ്മൂട്ടിയെ ജോസ് തെറ്റയിൽ വിവരമറിയിച്ചു. തുടർന്നാണ് ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തിയത്.
ഡോ.ശിവ് കെ. നായരുടെ മേൽനോട്ടത്തിലായിരുന്നു ശസ്ത്രക്രിയ. കഴിഞ്ഞദിവസം ബിന്ദു വീട്ടിലേക്ക് മടങ്ങി. മമ്മൂട്ടിയോടും ആലുവ രാജഗിരി ആശുപത്രിയോടും കടപ്പാടുണ്ടെന്ന് ബിന്ദു പറഞ്ഞു.
സാധുക്കൾക്ക്
ആശ്രയം `ഹൃദ്യം'
2022 മേയ് 25ന് തുടങ്ങിയ ഹൃദ്യം പദ്ധതിയുടെ ഭാഗമായി നിരവധി രോഗികൾക്ക് സൗജന്യമായും അമ്പതോളം രോഗികൾക്ക് കുറഞ്ഞ നിരക്കിലും ശസ്ത്രക്രിയ നടത്താൻ കഴിഞ്ഞതായി കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ചെയർമാൻ കെ. മുരളീധരൻ പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മമ്മൂട്ടിയുമായി സഹകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ആശുപത്രി എക്‌സിക്യുട്ടീവ് ഡയറക്ടർ ആൻഡ് സി.ഇ.ഒ ഫാ. ജോൺസൺ വാഴപ്പിള്ളി പറഞ്ഞു.