മരട്: നവ കേരള സദസിനായി പിരിച്ചെടുത്ത തുകയുടെ കണക്ക് ചോദിച്ച് മരട് നഗരസഭ സെക്രട്ടറിക്ക് ചെയർമാന്റെ കത്ത്.നഗരസഭ ചെയർമാൻ ആന്റണി ആശാം പറമ്പിലാണ് സെക്രട്ടറിയോട് വിശദീകരണം തേടിയത്. യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നവ കേരള സദസിന് പണം നൽകുന്നില്ല എന്ന് തീരുമാനമെടുത്തിരുന്നു ഇതേ തുടർന്ന് സർക്കാർ ആവശ്യപ്പെട്ട ഒരു ലക്ഷം രൂപ നൽകാനാവില്ല എന്ന തീരുമാനമെടുത്ത ആദ്യ നഗരസഭകളിൽ ഒന്നായിരുന്നു മരട് . അതിനുശേഷം യു.ഡി.എഫ് അംഗങ്ങൾ വിട്ടുനിന്നെങ്കിലും നഗരസഭ സെക്രട്ടറിയെ കൺവീനർ ആക്കിയും നഗരസഭ സി.പി.എം പാർലമെന്ററി പാർട്ടി നേതാവിനെ ചെയർമാനായും മറ്റ് സി.പി.എം നേതാക്കളുടെയും നേതൃത്വത്തിലും സംഘാടകസമിതി രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ പേരിലാണ് വ്യാപക പിരിവ് നടത്തിക്കൊണ്ടിരുന്നത് . നഗരസഭയുടെ ഔദ്യോഗിക വാഹനങ്ങളും പദവികളും ഉപയോഗിച്ച് നടത്തിയ പിരിവിന്റെ വിശദാംശങ്ങളും പിരിവ് തന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേര് വിവരങ്ങളും ലഭിച്ച തുകയും ചെലവായ തുകയും അടങ്ങിയ കണക്കുകളെല്ലാം 15 ദിവസത്തിനകം ബോധിപ്പിക്കണം എന്നാണ് ചെയർമാൻ നിർദ്ദേശിച്ചിരിക്കുന്നത്.
നവ കേരള സദസിന് ബദലായി മരട് നഗരസഭ നടത്തിയ ജനസദസ് ഫയൽ അദാലത്ത് ഏറെ ജനശ്രദ്ധ അന്ന് നേടിയിരുന്നു. നാല് കേന്ദ്രങ്ങളിലായി നടത്തിയ അദാലത്തിൽ 1241 പരാതികളാണ് പരിഹരിച്ചത്.അദാലത്തിൽ എത്താൻ സാധിക്കാത്തവരുടെ പരാതികൾ പരിഹരിച്ച് സർട്ടിഫിക്കറ്റ് അവരുടെ വീടുകളിൽ എത്തിച്ചു നൽകുകയും ചെയ്തു.കൂടാതെ 62 പേർക്ക് ചെയർമാന്റെ ദുരിതാശ്വാസനിധിയിൽ ധനസഹായവും നൽകി. ഇത്തരത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് അദാലത്തുകൾ നടത്തിയാൽ തീരാവുന്ന വിഷയമേ കേരളത്തിലുള്ളൂ എന്ന് മരട് നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിൽ അറിയിച്ചു.