water

ആലുവ: കുട്ടമശേരി ജലസേചന കനാലിൽ നിന്നുമുള്ള വെള്ളം നടപ്പാതയിലേക്ക് ഒഴുകുന്നത് യാത്രക്കാരെ വലക്കുന്നു. കുട്ടമശ്ശേരി - മുള്ളംകുഴി ജലസേചന കനാലിൽ നിന്ന് കുട്ടമശേരി, സൂര്യ നഗർ, മുള്ളൻകുഴി ഭാഗത്തേക്കുള്ള നടപ്പാതയിലേക്കാണ് വെള്ളം കവിഞ്ഞൊഴുകുന്നത്.
കുട്ടമശേരി - മുള്ളൻകുഴി ഇറിഗേഷൻ കനാലിന്റെ തകർന്ന ഭാഗങ്ങളിലൂടെയാണ് വെള്ളമെത്തന്നത്. മൺപാതയായതിനാൽ ചെളിവെള്ളത്തിലൂടെ വേണം യാത്ര.

മാലിന്യങ്ങൾ തോട്ടിൽ അടിഞ്ഞ് കൂടിയതിനാൽ വെള്ളമൊഴുക്ക് തടസപ്പെടുന്നതാണ് പ്രധാന പ്രശ്നം. മുള്ളംകുഴി, സൂര്യനഗർ, മനയ്ക്കക്കാട് തുടങ്ങിയ ഭാഗത്തേക്കുള്ള വിദ്യാർത്ഥികളടക്കം നിരവധി ആളുകളാണ് കുട്ടമശേരി ബസ് സ്റ്റോപ്പിലേക്കും കവലകയിലേക്കും എളുപ്പത്തിൽ പോകാമെന്നതിനാൽ ഈ നടപ്പാത ഉപയോഗിക്കുന്നത്.
ഇരുചക്രവാഹന യാത്രക്കാരും എളുപ്പത്തിൽ സഞ്ചരിക്കാൻ പറ്റിയ പാത എന്ന രീതിയിൽ ഇതിലൂടെയാണ് സഞ്ചരിക്കുന്നത്. കുട്ടമശേരി മുതൽ മുള്ളൻകുഴി വരെയുള്ള കനാലിനോട് ചേർന്നുള്ള ഈ റോഡിൽ തുരുത്തിക്കാട് വരെ വാഹനങ്ങൾ സഞ്ചരിക്കാവുന്ന വീതിയുണ്ട്. തുരുത്തിക്കാട് മുതൽ കുറച്ച് ഭാഗം കീഴ്മാട് പഞ്ചായത്ത് കട്ട വിരിച്ച് സൈഡ് കെട്ടിയിട്ടുണ്ട്.