bindhu
വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കുശേഷം തിരികെ വീട്ടിലേക്ക് മടങ്ങുന്ന ബിന്ദു ചികിത്സിച്ച ഡോക്ടർമാരായ കാർഡിയാക് സർജൻ ഡോ.ശിവ് കെ. നായർ, ഡോ. റിജു രാജസേനൻ നായർ, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. മേരി സ്മിത തോമസ്, ഡോ. ഡിപിൻ എന്നിവർക്കൊപ്പം

ആലുവ: സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെ നിർദ്ദേശപ്രകാരം കെയർ ആൻഡ് ഷെയർ ഇന്റർനാഷണലും ആലുവ രാജഗിരി ആശുപത്രിയും ചേർന്ന് നടത്തുന്ന 'ഹൃദ്യം' പദ്ധതിയിലൂടെ തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി ശ്രീകുമാറിന്റെ ഭാര്യ ബിന്ദുവിന് ഏഴുലക്ഷത്തോളംരൂപ ചെലവുള്ള വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സൗജന്യമായി ചെയ്തു.

സ്‌ട്രോക്കുവന്ന് ഒരുവശം തളർന്ന അവസ്ഥയിൽനിന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിനിടയിലാണ് ശ്രീകുമാർ ഭാര്യയുടെ രോഗവാർത്തയറിയുന്നത്. ശ്വാസംമുട്ട്, കിതപ്പ് എന്നിവയെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ബിന്ദു അഡ്മിറ്റായി. പരിശോധനയിൽ ഹൃദയത്തിലെ വാൽവിൽ ചോർച്ചയും ചുരുക്കവും കണ്ടെത്തി. വാൽവ് മാറ്റിവയ്ക്കുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു. വലിയതുക കണ്ടെത്തേണ്ടിവരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സ്‌ട്രോക്കിനുശേഷം പെയിന്റിംഗ് ജോലിയിൽ തുടരാനാകാത്തതിനാൽ മകന്റെ വരുമാനത്തിലായിരുന്നു ശ്രീകുമാറിന്റെ കുടുംബം കഴിഞ്ഞിരുന്നത്. പണം കണ്ടെത്തുക ശ്രീകുമാറിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരുന്നു.

പരിചയക്കാരൻ വലിയവിള സ്വദേശി അഡ്വ. അനിൽ വി. നാഗേന്ദ്രൻ മുഖേന മുൻമന്ത്രി ജോസ് തെറ്റയിലിന്റെ പക്കലെത്തിയതാണ് വഴിത്തിരിവായത്. നിയമപഠനകാലത്ത് ജൂനിയറായിരുന്ന നടൻ മമ്മൂട്ടിയെ ജോസ് തെറ്റയിൽ വിവരമറിയിച്ചു. തുടർന്നാണ് ഹൃദ്യം പദ്ധതിയിൽ ബിന്ദുവിനെ ഉൾപ്പെടുത്തി മമ്മൂട്ടി ശസ്ത്രക്രിയക്ക് വഴിയൊരുക്കിയത്.

തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിലെത്തി ബിന്ദുവും ശ്രീകുമാറും ഹൃദയശസ്ത്രക്രിയ വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് ഡോ.ശിവ് കെ. നായരെ കണ്ടു. വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെത്തുടർന്ന് ഒരാഴ്ചനീണ്ട ആശുപത്രി വാസത്തിനൊടുവിൽ കഴിഞ്ഞദിവസം ബിന്ദു സന്തോഷത്തോടെ തിരുവനന്തപുരത്തെ വീട്ടിലേക്ക് മടങ്ങി. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട അവസ്ഥയിൽനിന്ന് ജീവിതത്തിലേക്ക് മടങ്ങാൻ കഴിഞ്ഞത് ഹൃദ്യം പദ്ധതി കാരണമാണെന്നും അതിന് ഇടയാക്കിയ നടൻ മമ്മൂട്ടിക്കും ആലുവ രാജഗിരി ആശുപത്രിക്കും നന്ദിയുണ്ടെന്നും ബിന്ദു പറഞ്ഞു.

ഹൃദ്യം പദ്ധതിയിൽ നിരവധി രോഗികൾക്ക് ചികിത്സ

2022 മേയ് 25ന് തുടങ്ങിയ ഹൃദ്യം പദ്ധതിയുടെ ഭാഗമായി നിരവധി രോഗികൾക്ക് സൗജന്യവും അമ്പതോളം രോഗികൾക്ക് ശസ്ത്രക്രിയയിൽ ഇളവും നൽകാനായെന്ന് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ചെയർമാൻ കെ. മുരളീധരൻ പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നടൻ മമ്മൂട്ടിയുമായി ചേർന്ന് പ്രവർത്തിക്കാൻ കഴിയുന്നതിൽ ആത്മസംതൃപ്തിയുണ്ടെന്ന് ആലുവ രാജഗിരി ആശുപത്രി എക്‌സിക്യുട്ടീവ് ഡയറക്ടർ ആൻഡ് സി.ഇ.ഒ ഫാ. ജോൺസൺ വാഴപ്പിള്ളി പറഞ്ഞു.