ആലങ്ങാട്: വെളിയത്തുനാട് തടിക്കക്കടവ് മേഖലയിൽ കുറുക്കന്റേയും തെരുവുനായ്ക്കളുടെയും ശല്യം രൂക്ഷമായി. തടിക്കകടവ് പുന്നാരത്ത് സുധാകരന്റെ ആറ് ആടുകളെ കൊന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ആടുകളെ വീടിനുസമീപത്തെ പറമ്പിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. ആടുകളുടെ കൂട്ടക്കരച്ചിൽകേട്ട് സമീപവാസികളെത്തിയപ്പോഴാണ് എല്ലാത്തിന്റേയും കഴുത്ത് കടിച്ചുമുറിച്ചിട്ടിരിക്കുന്നത് കണ്ടത്. ആളുകളെത്തിയപ്പോഴേക്കും കുറുക്കനും തെരുവുനായ്ക്കളും സ്ഥലംവിട്ടു.
വെളിയത്തുനാട്ടിൽ രണ്ടുദിവസംമുമ്പ് കൂടുപൊളിച്ചുകയറി 50 കോഴികളെ കൊന്നിരുന്നു. അതും കുറുക്കന്റെ ആക്രമണമായിരിക്കുമെന്നാണ് കരുതുന്നത്. പ്രളയത്തിനുശേഷം പെരിയാറിന്റെ തീരം കേന്ദ്രീകരിച്ച് കുറുക്കന്മാരുടെ ശല്യം കൂടിയിട്ടുണ്ട്. പകൽ സമയങ്ങളിൽ വീട്ടുമുറ്റത്തുവരെ കുറുക്കൻമാർ എത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു.