
വൈപ്പിൻ: വധശ്രമക്കേസ് ഉൾപ്പെടെ വിവിധ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഞാറക്കൽ വാലക്കടവ് ഭാഗത്ത് വട്ടത്തറ വീട്ടിൽ പ്രജിത്ത് (മുന്ന 31 ) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ.ഉമേഷാണ് ഉത്തരവിട്ടത്. ഞാറക്കൽ, മുനമ്പം പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, കവർച്ച, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, സർക്കാർ ജീവനക്കാരുടെ കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. 2018 ൽ ഞാറക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത അടിപിടി കേസിൽ 6 മാസം കോടതി ശിക്ഷിച്ചിരുന്നു. കഴിഞ്ഞ ജൂലായിൽ കൊലപാതകശ്രമത്തിന് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചതാണ്.
ഈ മാസം ആദ്യം ജാമ്യത്തിലിറങ്ങിയ പ്രജിത്ത് ഞാറക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കവർച്ച കേസിൽ പ്രതിയായി ഒളിവിലായിരുന്നു. ഇൻസ്‌പെക്ടർ എ.എൽ.യേശുദാസിന്റെ നേതൃത്വത്തിൽ സബ് ഇൻപെക്ടർ അഖിൽ വിജയകുമാർ എ,എസ്.ഐ മാരായ സി.എ ഷാഹിർ, കെ.കെ.ദേവരാജൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഒ.ബി.സിമിൽ , എം.കെ.അനൂപ്, കെ.ജി.പ്രീജൻ, സിവിൽ പൊലീസ് ഓഫീസർ വി.ജി.ഷിബു എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.