പെരുമ്പാവൂർ: രുഗ്മിണീസ്വയംവരത്തിലെ ശ്രീകൃഷ്ണനായി പകർന്നാടി കഥകളി ആസ്വാദകർക്ക് നവ്യാനുഭൂതി പകരാൻ പതിനാലുകാരി.

കൂവപ്പടി കൊരുമ്പശേരി സ്വദേശിനിയും കാലടി ശ്രീശാരദാവിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുമായ നെടുമ്പുറത്ത് ശിവാനി സാജുവാണ് തോട്ടുവാ ശ്രീധന്വന്തരിമൂർത്തി ക്ഷേത്രത്തിലെ ദശാവതാരമഹോത്സവത്തോടനുബന്ധിച്ച് ഇന്ന് രാത്രി 7ന് കൃഷ്ണ വേഷത്തിൽ അരങ്ങിലെത്തുന്നത്. ശിവാനിയുടെ ആദ്യത്തെ കഥയവതരണമായിരിക്കും തോട്ടുവയിലേത്.

മൂന്നു വർഷമായി ചേലാമറ്റം നാട്യസഭാ കഥകളി വിദ്യാലയത്തിൽ ഗുരു കലാമണ്ഡലം പ്രിജിത്തിനു കീഴിൽ കഥകളി അഭ്യസിക്കുന്ന ശിവാനി കഴിഞ്ഞവർഷം ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ് അരങ്ങേറിയത്. 10 വർഷമായി കലാമണ്ഡലം അമ്പിളിയുടെ കീഴിൽ മോഹിനിയാട്ടവും ഭരതനാട്യവും അഭ്യസിക്കുന്ന ഈ പ്രതിഭയ്ക്ക് ഇത്തവണ സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ മോഹിനിയാട്ടത്തിന് 'എ'ഗ്രേഡ് ലഭിച്ചിരുന്നു. വല്ലം ജംഗ്‌ഷനിൽ നെടുമ്പുറത്ത് ജ്വല്ലറി നടത്തുന്ന സാജു നെടുമ്പുറമാണ് ശിവാനിയുടെ അച്ഛൻ. രൂപയാണ് അമ്മ. ഇളയ സഹോദരി വേദിക എസ്. നായർ അഞ്ചാം ക്ലാസിൽ പഠിക്കുന്നു.