പറവൂർ: ദേശീയപാത 66ൽ തുരുത്തിപ്പുറത്ത് ചരക്കുലോറിയും പിക്കപ്‌വാനും കൂട്ടിയിടിച്ച് പിക്കപ്‌വാൻ ഡ്രൈവർ മലപ്പുറം കുന്നത്തുചാൽ കൃഷ്ണകൃപയിൽ വി. ദിവാകരൻ നായരുടെ മകൻ പി.സി. ഗിരിശങ്കർ (ഗിരീഷ് - 42) മരിച്ചു. ഇന്നലെ രാവിലെ ആറോടെയാണ് അപകടം. എറണാകുളം മാർക്കറ്റിൽ പച്ചക്കറി കൊടുത്തശേഷം മലപ്പുറത്തേക്ക് പോകുകയായിരുന്നു പിക്കപ്‌വാൻ. പേരാമ്പ്രയിൽനിന്ന് എറണാകുളം നെട്ടൂർ ചന്തയിലേക്ക് പോവുകയായിരുന്നു ചരക്കുലോറി. ഗുരുതരമായി പരിക്കേറ്റ ഗിരിശങ്കറിനെ ആദ്യം പറവൂർ താലുക്ക് ആശുപത്രിയിലും പിന്നീട് കളമശേരി മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ: ഇന്ദിര. ഭാര്യ: നീതുരാജ്. മക്കൾ: അധ്‌വിക, അവന്തിക.