
കൊച്ചി: ഉത്തരേന്ത്യയിൽ കൊല്ലപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിതത്തെ ആധാരമാക്കി ഷെയ്‌സൺ പി. ഔസേഫ് സംവിധാനം ചെയ്ത 'ഫെയ്‌സ് ഒഫ് ദ് ഫെയ്‌സ്‌ലെസ്" 2024ലെ ഓസ്‌കർ അവാർഡിനുള്ള പ്രാഥമിക യോഗ്യതാ പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇതിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും മത്സരവിഭാഗത്തിൽ പ്രവേശിച്ചുകഴിഞ്ഞതായി അണിയറ പ്രവർത്തകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അൽഫോൻസ് ജോസഫ് സിനിമയ്ക്കായി ഒരുക്കിയ ഏക് സപ്ന മേരാ സുഹാന, ജെൽത്താ ഹേ സൂരജ് എന്നീ ഗാനങ്ങളും മദ്ധ്യപ്രദേശിലെ ഗോത്രവിഭാഗത്തിന്റെ തനിമയിൽ തയാറാക്കിയ പാട്ടുമാണ് അവാർഡിന് പരിഗണിക്കുക.
2024 വിഭാഗത്തിൽ ഇന്ത്യൻ സിനിമകളിൽ നിന്ന് ഗാനത്തിനു ഓസ്‌കാർ നോമിനേഷൻ ലഭിക്കുന്ന ആദ്യ സിനിമയാണ് 'ഫെയ്‌സ് ഒഫ് ദ് ഫെയ്‌സ്‌ലെസ്". മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ വിൻസി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ നവംബർ 17നാണ് കേരളത്തിൽ റിലീസ് ചെയ്തത്. അന്താരാഷ്ട്ര മേളകളിൽ പ്രദർശിപ്പിച്ച സിനിമയ്ക്ക് ഇതിനോടകം 45 പുരസ്‌കാരങ്ങൾ ലഭിച്ചതായി സംവിധായകൻ ഷെയ്‌സൺ പി. ഔസേഫും സംഗീത സംവിധായകൻ അൽഫോൻസ് ജോസഫും പറഞ്ഞു.