
കൊച്ചി: നാലുമണിക്കൂറോളം ചതുപ്പിൽ കുടുങ്ങിപ്പോയ 79കാരിയെ ഫയർഫോഴ്സ് മരണക്കയത്തിൽനിന്ന് ജീവിതത്തിലേക്ക് തിരികെക്കയറ്റി. മരട് തണ്ണാംകൂട്ടുങ്കൽതിട്ടയിൽ കമലാക്ഷി അമ്മയ്ക്കാണ് ഫയർഫോഴ്സ് രക്ഷകരായത്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ മരട് സെന്റ് ആന്റണീസ് റോഡിന് സമീപമാണ് സംഭവം.
എളുപ്പത്തിൽ വീട്ടിലേക്കെത്താൻ ഇടവഴിയിലൂടെ പോകുന്നതിനിടെ കാൽതെന്നി കമലാക്ഷിയമ്മ ചതുപ്പിൽ വീഴുകയായിരുന്നു. അലറിക്കരഞ്ഞ് ആവുന്നത്ര ശ്രമിച്ചെങ്കിലും സമീപത്ത് വീടുകളൊന്നുമില്ലാതിരുന്നതിനാൽ ആരുമെത്തിയില്ല. മണിക്കൂറുകൾ പിന്നിട്ടതോടെ ശരീരമാകെ തളർന്ന് കമലാക്ഷിഅമ്മ ചതുപ്പിൽ കുടുങ്ങി. ഇതിനിടയിൽ ദൂരെയുള്ള വീടിന്റെ രണ്ടാം നിലയിൽ അലക്കിയിട്ട തുണികളെടുക്കാൻ കയറിയ അയൽവാസി സീനയുടെ കണ്ണിൽപ്പെട്ടതാണ് കമലാക്ഷിയമ്മയ്ക്ക് തുണയായത്.
സീന ബഹളംവച്ച് ആളുകളെ വിളിച്ചുകൂട്ടി. സംഭവമറിഞ്ഞ് നാലോടെ തൃപ്പൂണിത്തുറ ഫയർഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി. അസിസ്റ്റന്റ് ഫയർസ്റ്റേഷൻ ഓഫീസർ പി.കെ. സന്തോഷിന്റെ നേതൃത്വത്തിൽ കയറും മറ്റുമുപയോഗിച്ച് വളരെവേഗത്തിൽ കമലാക്ഷിയമ്മയെ കരയ്‌ക്കെത്തിച്ചു. വെള്ളമൊഴിച്ച് ദേഹത്തെ ചെളിമുഴുവൻ കഴുകിക്കളഞ്ഞ് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാര്യമായ പരിക്കുകളൊന്നുമില്ല. ഇന്ന് വീട്ടിലേക്ക് മടങ്ങും. രക്ഷപ്പെടുത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരെ കമലാക്ഷിയമ്മ തൊഴുകൈകളോടെ നന്ദിയറിയിച്ചു.
വീട്ടിലേക്കെത്താൻ കമലാക്ഷിയമ്മ വല്ലപ്പോഴുമേ ഈ വഴി പോകാറുള്ളൂ. കുറേ നാളുകൾക്കുമുമ്പ് സാമൂഹികവിരുദ്ധർ പറമ്പിൽ പൈലിംഗ് മാലിന്യം നിക്ഷേപിച്ചിരുന്നു. ഇതിന്റെ മുകളിൽ പുല്ലുംമറ്റും വളർന്നിരുന്നതിനാൽ നടവഴിയാണെന്ന് ഇവർ തെറ്റിദ്ധരിക്കുകയും കാൽചതുപ്പിലേക്ക് എടുത്തുവയ്ക്കുകയുമായിരുന്നു. മാനസികവൈകല്യമുള്ള ഏക മകനൊപ്പമാണ് കമലാക്ഷിയമ്മ കഴിയുന്നത്. മകന്റെ ചികിത്സയ്ക്കടക്കം പണം കണ്ടെത്തുന്നത് ജോലി ചെയ്താണ്.
ഫയർസ്റ്റേഷൻ ഓഫീസർ ടി. വിനുരാജ്, ഓഫീസർമാരായ ബിനോയ് ചന്ദ്രൻ, എം.സി. സിൻമോൻ, അരുൺ ഐസക്ക്, വിപിൻ, സി.വി. ശ്രീനാഥ്, ഹോംഗാർഡ് രജിത്ത് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.