കൊച്ചി: പത്തുവയസുകാരി വൈഗയെ പിതാവ് സനു മോഹൻ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി മുട്ടാർ പുഴയിലെറിഞ്ഞെന്ന കേസിൽ വിചാരണക്കോടതി ഡിസംബർ 27ന് വിധി പറയും. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമക്കേസുകൾ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയിൽ ഇന്നലെ വിചാരണ പൂർത്തിയായി.
2021 മാർച്ച് 22 നാണ് വൈഗയെ മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴയിലെ അമ്മയുടെ വീട്ടിൽ നിന്ന് വൈഗയെ കങ്ങരപ്പടിയിലെ ഫ്ളാറ്റിലേക്ക് കൂട്ടിക്കൊണ്ടു വന്ന സനു കുട്ടിയെ സോഫ്റ്റ് ഡ്രിങ്കിൽ മദ്യം ചേർത്തു നൽകി അബോധാവസ്ഥയിലാക്കിയശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നും പിന്നീട് മുട്ടാർ പുഴയിൽ എറിഞ്ഞെന്നുമാണ് കേസ്.
വൻ കടബാദ്ധ്യതകളിൽ നിന്ന് രക്ഷപ്പെടാൻ ഒളിവിൽ പോകാൻ തീരുമാനിച്ച സനു, താൻ പോയാൽ ഭാര്യയും ബന്ധുക്കളും മകളെ നന്നായി നോക്കില്ലെന്നു ചിന്തിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നു പ്രോസിക്യൂഷൻ ആരോപിക്കുന്നു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ സനുവിനെ 28 ദിവസങ്ങൾക്കുശേഷം കർണാടകത്തിൽ നിന്നാണ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ ഡിസംബർ അഞ്ചിന് വിചാരണ ആരംഭിച്ച കേസിൽ 78 സാക്ഷികളെ വിസ്തരിച്ചു. സനുവിനെതിരെ മഹാരാഷ്ട്ര പൊലീസ് സാമ്പത്തിക തട്ടിപ്പു കേസ് രജിസ്റ്റർ ചെയ്തിരുന്നു.
കൊലക്കുറ്റം, കുറ്റം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ മദ്യമോ വിഷമോ മറ്റു ലഹരിയോ നൽകൽ, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങളും ബാല നീതി നിയമപ്രകാരം കുട്ടികളോടുള്ള ക്രൂരത, കുട്ടികൾക്ക് ലഹരി നൽകൽ എന്നീ കുറ്റങ്ങളുമാണ് പ്രതിക്കെതിരെ പ്രധാനമായും ചുമത്തിയിട്ടുള്ളത്.