കൊച്ചി: ഹൃദയം കവരുന്ന വാക്കുകളിലൂടെ ആരാധകരുടെ സ്‌നേഹം ഏറ്റുവാങ്ങി സൂപ്പർതാരം മോഹൻലാൽ. ആരാധകരാണ് തന്റെ കരുത്തും ധൈര്യവുമെന്ന് പറഞ്ഞ് ഒരുപകൽ മുഴുവൻ അവർക്കൊപ്പം അദ്ദേഹം ചെലവഴിച്ചു.
ഓൾ കേരള മോഹൻലാൽ ഫാൻസ് അസോസിയേഷൻ നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച 25-ാം വാർഷികാഘോഷമായിരുന്നു വേദി. നിങ്ങൾ ലാലേട്ടനായി എന്നെ നെഞ്ചോടു ചേർത്തുപിടിക്കുമ്പോൾ അനുഭവിക്കുന്ന സന്തോഷവും സുരക്ഷിതബോധവും ഏത് അവാർഡിനെക്കാളും വലുതാണെന്ന് വിശ്വസിക്കുന്നു. എന്ത് പ്രശ്നം വന്നാലും 'എന്റെ പിള്ളേരുണ്ടെടാ" എന്നു പറയുമെന്നും താരം പ്രസംഗിച്ചതോടെ ആരാധകർ ആവേശത്തിലായി.
വേദിയിൽ നിന്ന് സദസിലുള്ള മുഴുവൻ പേരെയും തന്റെ മൊബൈലിൽ സെൽഫി പകർത്തിയതോടെ 'ചങ്കിനുള്ളിൽ ലാലേട്ടൻ, നെഞ്ചുവിരിച്ച് ലാലേട്ടൻ" എന്ന് കൂട്ടമായി വിളിച്ച് കൈയടിച്ചു. ചടങ്ങിൽ പങ്കെടുക്കാനെത്തിയ മുഴുവൻ പേർക്കൊപ്പവും ഫോട്ടോയും സെൽഫിയുമെടുക്കാൻ അദ്ദേഹം സമയം കണ്ടെത്തി. മുഴുവൻ ജില്ലകളിൽ നിന്നുമുള്ള ഫാൻസ് അസോസിയേഷൻ പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു.