p

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസിനെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും ചോദ്യം ചെയ്യും. ഹാജരാകാൻ അടുത്ത ദിവസം നോട്ടീസ് നൽകും. ഇന്നലെ രാവിലെ 10.15ന് കൊച്ചിയിലെ ഓഫീസിൽ ഹാജരായ അദ്ദേഹത്തെ വൈകിട്ട് 5.30ഓടെ വിട്ടയച്ചു.

നാലാം തവണയാണ് വർഗീസിനെ ഇ.ഡി ചോദ്യം ചെയ്യുന്നത്. കരുവന്നൂർ തട്ടിപ്പിൽ സി.പി.എം നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട്, സി.പി.എം നേതാക്കളുടേതെന്ന് സംശയിക്കുന്ന അക്കൗണ്ടുകൾ എന്നിവയെക്കുറിച്ചാണ് വർഗീസിനോട് ഇ.ഡി ചോദിച്ചത്. ബാങ്കിലെ സംശയകരമായ അഞ്ച് അക്കൗണ്ടുകൾ സി.പി.എമ്മിനുവേണ്ടി പ്രവർത്തിച്ചതാണെന്ന നിഗമനത്തിലാണ് ഇ.ഡി. നിയമവിരുദ്ധമായി നൽകിയ വായ്‌പകളുടെ കമ്മിഷൻ തുക ഈ അക്കൗണ്ടുകളിലൂടെ പാർട്ടിക്ക് ലഭിച്ചെന്ന സൂചനയിലാണ് നാലാം തവണയും വർഗീസിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.

സി.പി.എം ഏരിയ കമ്മിറ്റിയംഗം എം.ബി. രാജു, കരുവന്നൂർ ബാങ്ക് മുൻ വൈസ് പ്രസിഡന്റ് പീതാംബരൻ എന്നിവരും ഇന്നലെ ഇ.ഡിയിൽ ഹാജരായി. ഇവരുടെ പേരുകളിൽ കരുവന്നൂർ ബാങ്കിൽ പ്രവർത്തിച്ചിരുന്ന അക്കൗണ്ടുകൾ വഴി പാർട്ടിക്ക് പണം കൈമാറിയെന്ന സംശയത്തിലാണ് ഇവരെയും ചോദ്യം ചെയ്തു വിട്ടയച്ചത്.