p

2024-ൽ തൊഴിൽ മേഖലയിൽ ടെക്‌നോളജി അധിഷ്ഠിത കോഴ്‌സുകൾക്ക് സാദ്ധ്യതയേറും. എ.ഐ കൂടുതൽ വിപുലപ്പെടുന്നതോടെ എ.ഐ അധിഷ്ഠിത തൊഴിലുകൾ വ്യാപാര മേഖലയിൽ കൂടുതലായി രൂപപ്പെടും. 2024ൽ 80 ശതമാനം കമ്പനികളും എ.ഐ അടക്കമുള്ള ടെക്‌നോളജികൾക്ക് കൂടുതൽ ഫണ്ട് വകയിരുത്തും. കൂടുതൽ ടെക്‌നോളജി അധിഷ്ഠിത സ്റ്റാർട്ടപ്പുകൾ നിലവിൽ വരും. ആപ്പിളിന്റെ ആപ്പിൾ വിഷൻ പ്രൊ ഗാഡ്ജറ്റ് 2024ൽ പുറത്തിറങ്ങും.

ഊർജ്ജ മേഖലയിലും വൻമാറ്റം പ്രതീക്ഷിക്കാം. ക്ലീൻ ഊർജ്ജത്തിലേക്കുള്ള പ്രയാണം ഹരിതോർജ്ജത്തിന്റെ സാദ്ധ്യതകൾ വർദ്ധിപ്പിക്കും. ലിഥിയം, കോപ്പർ, നിക്കൽ, എണ്ണ, പ്രകൃതിവാതക ഉത്പാദക മേഖലകളിൽ അധിഷ്ഠിതമായ വ്യാപാരത്തിന് പ്രസക്തിയേറും. 2023നെ അപേക്ഷിച്ച് സാമ്പത്തിക മാന്ദ്യത്തിൽ കുറവുണ്ടാകും.

ആരോഗ്യ മേഖലയിൽ ഗവേഷണത്തിന് സാദ്ധ്യതയേറും. കൂടാതെ, സ്‌പേസ് ടൂറിസം, ഓട്ടോമേഷൻ, നെറ്റ് ഫ്‌ളിക്‌സ്, ഐ.ടി, ടൂറിസം, ഫുഡ് ടെക്‌നോളജി, ഫാക്ടറി അധിഷ്ഠിത നിർമ്മാണം തുടങ്ങിയ മേഖലകൾ വൻപുരോഗതി കൈവരിക്കും.

കോഴ്‌സുകൾ, സാദ്ധ്യതകൾ

ഡാറ്റ സയൻസ്, ഇന്റഗ്രേറ്റഡ്‌ കോഴ്‌സുകൾ, ബിസിനസ് ധനകാര്യം, ബയോമെഡിക്കൽ സയൻസ്, കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ്, എനർജി, ഹോസ്പിറ്റാലിറ്റി, ടൂറിസം, അക്കൗണ്ടിംഗ്, സൈക്കോളജി, ലിബറൽ ആർട്‌സ്, സ്റ്റം കോഴ്‌സുകൾക്ക് സാദ്ധ്യതയേറും. മികച്ച തൊഴിൽ ലഭിക്കാൻ സ്‌കില്ലും കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങും വേണ്ടിവരും.

ബിസിനസ് മാനേജ്‌മെന്റ്, ബിസിനസ് മാനേജ്മന്റ് & ഇക്കണോമിക്‌സ്, അക്കൗണ്ടിംഗ് & ഫിനാൻസ്, ബിസിനസ് മാനേജ്മെന്റ് & മാർക്കറ്റിംഗ്, ബിസിനസ് മാനേജ്മന്റ് & സൈക്കോളജി, ബാങ്കിംഗ് & ഫിനാൻസ് എന്നിവ മികച്ച തൊഴിൽ സാദ്ധ്യതയുള്ള കോഴ്‌സുകളാകും. എ.ഐ & കമ്പ്യൂട്ടർ സയൻസ്, ബയോമെഡിക്കൽ സയൻസ് എന്നിവ മികച്ച ബിരുദ കോഴ്‌സുകളാകും.

ആരോഗ്യ മേഖലയിൽ ഹെൽത്ത് അനലിറ്റിക്‌സ്, ടെക്‌നോളജി, ജനറ്റിക്‌സ്, ഫുഡ് & ന്യൂട്രീഷൻ, മെഡിക്കൽ കോഡിംഗ് കോഴ്‌സിനോടൊപ്പം ഇന്റേൺഷിപ്, പാർടൈം തൊഴിൽ എന്നിവയ്ക്ക് പ്രസക്തിയേറും. വ്യത്യസ്ത മേഖലകളിൽ തൊഴിൽ ചെയ്യാനുതകുന്ന സ്‌കില്ലുകൾ പ്രദാനം ചെയ്യുന്ന കോഴ്‌സുകൾക്കാണ് ഭാവിയിൽ സാദ്ധ്യതയേറുന്നത്. ബിരുദ തലത്തിലുള്ള സ്‌പെഷ്യലൈസേഷനുകൾ വിപുലപ്പെടുന്നത് വ്യവസായ സ്ഥാപനങ്ങളുടെ താത്പര്യത്തിനനുസരിച്ചായിരിക്കും. ടെക്‌നോളജി അധിഷ്ഠിത ഫിൻടെക്, ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്‌സുകൾക്കും പ്രിയമേറും.

വിദേശ പഠനം

വിദേശത്ത് ഉപരിപഠനം നടത്താനാഗ്രഹിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകും. എന്നാൽ വികസിത രാജ്യങ്ങളും, യൂറോപ്യൻ രാജ്യങ്ങളും ഗുണനിലവാരം ഉറപ്പുവരുത്തിയുള്ള അഡ്മിഷൻ പ്രക്രിയയ്ക്ക് പ്രാധാന്യം നൽകും. ഓസ്‌ട്രേലിയ, യു.കെ, കാനഡ തുടങ്ങിയ രാജ്യങ്ങൾ ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. നെതർലൻഡ്‌സ്, നോർവേ, ജപ്പാൻ, സ്വീഡൻ, ജർമ്മനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ കൂടുതൽ അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കാനുള്ള കോഴ്‌സുകളാരംഭിക്കും. പോസ്റ്റ് സ്റ്റഡി വർക്ക് വിസയിൽ വികസിത രാജ്യങ്ങളിൽ കൂടുതൽ നിയന്ത്രണം അനിവാര്യമാകും. ജീവിതച്ചെലവും, ട്യൂഷൻ ഫീസും വർദ്ധിക്കുന്നതോടൊപ്പം വിദേശപഠനത്തിനു ചെലവേറും. വിദേശ സർവകലാശാലകളിൽ അഡ്മിഷൻ ലഭിക്കാൻ പ്രാവീണ്യ പരീക്ഷകളിൽ മികച്ച സ്‌കോറുകൾ വേണ്ടിവരും. വിദേശ സ്‌കോളർഷിപ്പുകളിലും ഫെലോഷിപ്പുകളിലും കുറവുണ്ടാകും. ഗവേഷണ ഗ്രാന്റിലും ആഗോളതലത്തിലും കുറവ് പ്രതീക്ഷിക്കാം.